"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Saturday, February 2, 2013

ഒരു പെണ്ണ് കണ്ട കഥ

"വയസ്സ് പത്തിരുപത്തിയേഴായി. ഇനിയെങ്കിലും കല്യാണം ആലോചിച്ചു തുടങ്ങിയില്ലെങ്കില്‍ നടക്കുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും." - അച്ഛന്റെയും അമ്മയുടെയും ഈ വാക്കുകള്‍ കേട്ട് ഞാന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അതെ. അങ്ങനെ ബാചലെര്‍സിന്റെ പേടിസ്വപ്നമായ മാട്രിമോണിയല്‍ പ്രൊഫൈല്‍  എനിക്കും ഉണ്ടായി. അച്ഛനും അമ്മയും കൂടെ അതില്‍ എന്നെ കുറെ പൊക്കി എഴുതിയിരിക്കുന്നു. അങ്ങിനെയെങ്കിലും പെണ്ണ് കിട്ടട്ടെ എന്ന് കരുതിക്കാണും. ഈ മാട്രിമോണിയല്‍ പ്രൊഫൈല്‍  പേടിസ്വപ്നമാകുന്നതെങ്ങിനെ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. കൂട്ടുകാരുടെ മാട്രിമോണിയല്‍ പ്രൊഫൈല്‍ കണ്ടു പിടിച്ച് ഫേസ്ബുക്കില്‍. ഷെയര്‍ ചെയ്യുക എന്നതായിരുന്നു ഇതു വരെ എന്റെ പണി. ഇനി ഇപ്പോള്‍ എന്റെ മാട്രിമോണിയല്‍ പ്രൊഫൈല്‍ കൂട്ടുകാര്‍ എങ്ങിനെ സ്വീകരിക്കും എന്ന ഒരു ഭയം. അതു  തന്നെ.

മാട്രിമോണിയല്‍ പ്രൊഫൈല്‍ ഇടേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. ഉടനെ കുറെ ആലോചനകള്‍ എത്തി (മാട്രിമോണിയല്‍ ഭാഷയില്‍ പറഞ്ഞാല്‍ EXPRESS INTEREST). എല്ലാം പണച്ചാക്കുകള്‍ . ഐശ്വര്യ റായിയെയും കത്രിന കൈഫിനെയും പോലെ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലേലും എനിക്കും ചില മിനിമം  പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അതു തൊട്ടു തീണ്ടാത്തതായിരുന്നു ഇവ. ഗുണ്ടുമണികള്‍, കണ്ടാല്‍ തന്നെ പേടി തോന്നുന്ന ചിലര്‍, വിവാഹമോചനം ആയവര്‍, എന്തിന് കുട്ടികള്‍ ഉള്ളവര്‍ വരെ. ഇവരെ കല്യാണം കഴിക്കാന്‍ തയ്യാറുള്ളവരെ വന്‍ പ്രതിഫലം കാത്തിരിക്കുന്നു. നമ്മുടെ സൈഡില്‍ നിന്ന് ഒരു നെഗറ്റീവ് ഫീഡ്ബാക്ക് കിട്ടുന്നത് വരെ അവരുടെ സൈഡില്‍ നിന്ന് ഫോളോ-അപ്പ്‌  ചെയ്തു കൊണ്ടേ ഇരിക്കും. പ്രതിഫലത്തിന്റെ നെഗോഷിയേഷന്‍ വരെ നടത്താം. അത്യാവശ്യം കാശു വേണ്ടവര്‍ ഒന്ന് കല്യാണം കഴിക്കാന്‍ തയ്യാറായാല്‍ മതി. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത്‌ കല്യാണം കഴിച്ചത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ് . സ്വന്തം ബിസിനസ്‌ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ അയാള്‍ ഇത് പോലെ ഒരു കല്യാണം കഴിച്ചാണ് അത് രക്ഷിച്ചത്‌ . പത്തനംതിട്ടയിലെ ഒരു പ്ലാന്ററുടെ നല്ല ആണത്തമുള്ള മകളെ കല്യാണം കഴിച്ചതിന് പ്രതിഫലമായി അവര്‍ അയാളുടെ കടങ്ങള്‍ വീട്ടുകയും ബിസിനസ്‌ ഒരു കരക്കെത്തിക്കുകയും ചെയ്തു.

ആദ്യത്തെ പെണ്ണ് കാണലില്‍ തന്നെ ഞാന്‍ തകര്‍ന്നു. ജീന്‍സ് ആന്‍ഡ്‌ സ്ലീവ്-ലെസ്സ്  ടി -ഷര്‍ട്ട്‌ ഇട്ടു കൊണ്ടാണ് പെണ്ണ് വന്നത്. ദൈവമേ. ഭയങ്കര തുടക്കമായിരുന്നു. അങ്ങിനെ ഒരു പാട് പെണ്ണ് കണ്ടു. എനിക്കിഷ്ടമാകുമ്പോള്‍ പെണ്ണിനിഷ്ടമാവില്ല. പെണ്ണിനിഷ്ടമാവുമ്പോള്‍ എനിക്കിഷ്ടമാവില്ല. രണ്ടു പേര്‍ക്കും  ഇഷ്ടമാവുമ്പോള്‍ വീട്ടുകാര്‍ക്കിഷ്ടമാവില്ല. അല്ലെങ്കില്‍ ജാതകം ചേരില്ല. കുറെ ഇഷ്ടമായ കേസുകള്‍ ആഴത്തില്‍ ഉള്ള അന്വേഷണത്തില്‍ അലസി പോവുകയും ചെയ്തു. അങ്ങിനെ ഒന്നും ശരിയാവാതെ ഇരിക്കുന്ന എനിക്ക് ഒരേ ഒരു ആശ്വാസം റൂമില്‍ ഉള്ള കൂതറകള്‍ക്കും ഇത് പോലെ തന്നെ ഒന്നും ശരിയാവുന്നില്ല എന്നറിയുമ്പോള്‍ ആണ്. ഒരേ കമ്പനയില്‍ ജോലി ചെയ്യുകയും ഒരേ റൂമില്‍ താമസിക്കുകയും ചെയ്യുന്ന ഞങ്ങള്‍ക്കിടയില്‍ ആഴത്തില്‍ ഉള്ള ഒരു ബന്ധം തന്നെ ഉണ്ടായിരുന്നു. പണ്ടൊക്കെ ലോക കാര്യങ്ങളും കമ്പനി കാര്യങ്ങളും ആയിരുന്നു റൂമില്‍ ചര്‍ച്ചാ വിഷയങ്ങള്‍ . ഈ  ഇടയായി പെണ്ണ് കാണാന്‍ പോകുന്ന കാര്യവും പെണ്ണ് കിട്ടാത്ത ദുഖവും ഒക്കെ പരസ്പരം ഞങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. മാട്രിമോണിയല്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് പെണ്ണുങ്ങളെ നോക്കി ഇരിക്കല്‍ തന്നെയായി  ഈ ഇടെ ഞങ്ങളുടെ പണി. ഞങ്ങളുടെ റൂമില്‍ തന്നെ ഏറ്റവും പ്രായം കൂടിയവനും ഏറ്റവും സുന്ദരനും സുമുഖനുമായ SKL മാത്രം പക്ഷെ ഇതില്‍ ഒന്നും താത്പര്യം കാണിക്കാറില്ല. അവന് ഇപ്പോള്‍ കല്യാണം വേണ്ട എന്നാണ് പോലും. ആലപ്പുഴയില്‍ എല്ലാവരും വൈകി ആണത്രേ കല്യാണം കഴിക്കാറ്.

പതുക്കെ പതുക്കെ ഓരോരത്തരുടെയായി  മാച്ച് ശരിയായി വന്നു. ക്രമേണ ഞങ്ങളുടെ റൂം സംഭാഷണങ്ങള്‍ കുറയുകയും ഇവര്‍ ഇവരുടെ പെണ്ണുങ്ങളുമായി ഫോണ്‍ പഞ്ചാരയടി സംഭാഷണങ്ങളില്‍ മുഴുകുകയും ചെയ്തു. എനിക്കും CJP കും മാത്രം ഒന്നും ശരിയായില്ല. SKL ആണേല്‍ ഇപ്പോളും താത്പര്യമുള്ള മട്ടില്ല. ഞങ്ങള്‍ മാത്രം പഞ്ചാരയടി ഭാഗ്യമില്ലാതെ അലഞ്ഞു നടക്കുന്ന പ്രേതങ്ങളെ പോലെ ആയി. മറ്റുള്ളവരെ ആണെങ്കില്‍ ഒരു കുത്ത് റമ്മി കളിക്കാന്‍ പോലും കിട്ടാതായി. ഇവരുടെ ഒലക്കേമലെ പഞ്ചാരയടി കേട്ടിട്ട് എനിക്കും CJP കും അസൂയയായിട്ട് പാടില്ല. കല്യാണം ശരിയാവാന്‍ വേണ്ടി CJP കുരിശുപള്ളിയിലേക്ക് ആയിരം മെഴുകുതിരി നേര്‍ന്നു . ഞാനും നേര്‍ന്നു ഭഗവതിയുടെ അമ്പലത്തില്‍ നൂറു ശയനപ്രഥക്ഷിണം.

അങ്ങനെ ഇരിക്കെ ആണ് എനിക്ക് ഒരു പെണ്ണ് കാണല്‍ ഒത്തു വന്നത്. ജാതകം ചേരുന്നുണ്ട്. കുടുംബവും കൊള്ളാം. പക്ഷെ വീട് കൊല്ലത്താണ്. എറണാകുളത്ത് കിടക്കുന്ന ഞാന്‍ കൊല്ലത്തുള്ള പെണ്ണുമായി ബന്ധം ഉണ്ടാക്കിയാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ വരെ വീട്ടില്‍ ഡിസ്കഷന്‍ കഴിഞ്ഞു. പെണ്ണ് M.Tech ആണ്. നമ്മളെക്കാളും പടിപ്പുണ്ട്. പക്ഷെ ജോലിയില്‍ പ്രവേശിച്ചിട്ട് അധികം കാലം ആയിട്ടില്ല. ഒരു വര്‍ഷം കഷ്ടി. INFOSYS ഇല്‍ ആണ് ജോലി. നമ്മുടെ ആറ് വര്‍ഷത്തെ എക്സ്പീരിയന്‍സ് ആന്‍ഡ്‌ സാങ്കേതിക പരിജ്ഞാനം ഉണ്ടാവാന്‍ വഴിയില്ല. പെണ്ണ് കാണാന്‍ വേണ്ടി കാറില്‍ ആണ് കൊല്ലത്തേക്ക് പോയത്. പുതിയ കാര്‍ ഒക്കെ കണ്ട് പെണ്ണ് വീട്ടുകാര്‍ ഞെട്ടട്ടെ.

ഞങ്ങള്‍ക്ക് നല്ല ഹാര്‍ദവമായ വരവേല്‍പാണ് അവിടെ കിട്ടിയത് .അവരുടെ വീട്ടില്‍ ഒരു വശത്ത് ഞാനും അച്ഛനും അമ്മയും ചേട്ടനും ഇരുന്നു. അപ്പുറത്ത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ഇളയച്ചനും. മേശയുടെ മേലെ കുറെ പലഹാരങ്ങള്‍ നിരത്തിയിട്ടുണ്ട്. എന്റെ കണ്ണ് അച്ചപ്പത്തില്‍ പെട്ടു. ഒരച്ചപ്പം എടുത്ത് പൊട്ടിച്ചു തിന്നു. അടുത്തത് കയ്യിലെടുക്കുകയും ചെയ്തു. അപ്പോളേക്കും പെണ്ണ് ചായയുമായി എത്തി. പെണ്ണ് കുഴപ്പമില്ല. ഫോട്ടോയില്‍ കണ്ട പോലെ തന്നെ ഉണ്ട്. ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തിട്ടില്ല. (പണ്ട് ഫോട്ടോ കണ്ടിഷ്ടപ്പെട്ട്  ഒരു പെണ്ണ് കാണാന്‍ പോയിരുന്നു. ഫോട്ടോഷോപ്പിനു ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഞാന്‍ മനസ്സിലാക്കിയത് അന്നാണ്) . എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി.

"ലഡ്ഡു എടുക്കു." -  പെണ്ണിന്റെ അമ്മാവന്‍ പറഞ്ഞു.

ഏതു  ലഡ്ഡു. ഓ ലത്. മേശപ്പുറത്തു വച്ചിരിക്കുന്ന ലഡ്ഡു. ഞാന്‍ ലഡ്ഡു എടുത്തു. എന്തിനാ കുറയ്ക്കുന്നത് . വീട്ടുകാര്‍ അങ്ങോടും ഇങ്ങോടും കാര്യങ്ങള്‍ അന്വേഷിക്കുകയാണ്. ഞാനാണെങ്കില്‍ പെണ്ണിനെ നോക്കിക്കൊണ്ട് ലഡ്ഡു തിന്ന് ഇരിക്കുകയാണ്. അവളോട്‌ ഒന്ന് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ .

അതിനിടയില്‍ പെണ്ണിന്റെ ഇളയച്ഛന്റെ ചോദ്യം എന്നോട്. - "മാട്രിമോണിയല്‍ പ്രൊഫൈലില്‍ MNC എന്നാണല്ലോ എഴുതിയിരിക്കുന്നത്. ഏത് കമ്പനിയിലാ?"

"COFFEETECH" - ഞാന്‍ ഉത്തരം കൊടുത്തു.

"COFFEETECH? അതെവിടെയാണ്? എന്ത് കമ്പനിയാ?"

"ഹെഡ് ഓഫീസ് ബാംഗ്ലൂരില്‍ ആണ്. ഞാന്‍ എറണാകുളത്തെ ഡെവലപ്മെന്റ് ഓഫീസില്‍ ആണ് ജോലി ചെയ്യുന്നത്. കമ്പനി ഈ ഫുഡ്‌ പ്രോസസ്സിംഗ് ഇന്റെ ഓട്ടമേഷന്‍ ആണ് ചെയ്യുന്നത്."

"എറണാകുളത്ത് ഇന്‍ഫോപാര്‍ക്കില്‍ ആണോ? ഈ ഫുഡ്‌ പ്രോസസ്സിംഗ് ഇന്റെ ഓട്ടമേഷന്‍ എന്ന് വച്ചാല്‍ എന്താ?"

"ഇന്‍ഫോപാര്‍ക്കില്‍ അല്ല. ഞങ്ങള്‍ക്ക് സ്വന്തമായി ബില്‍ഡിംഗ്‌ ഉണ്ട്. അങ്കമാലി പോകുന്ന വഴിക്കാണ്. ഫുഡ്‌ പ്രോസസ്സിംഗ്  ഇന്റെ ഓട്ടമേഷന്‍ എന്ന് വച്ചാല്‍ വല്യ വല്യ ഫുഡ്‌ പ്രോസസ്സിംഗ് കമ്പനികള്‍ ഇല്ലേ - ഈസ്റ്റേണ്‍, ഹാരിസണ്‍ മലയാളം , നിറപറ - ഇവര്‍ക്ക് ആവശ്യമുള്ള മെഷീനുകള്‍ ഉണ്ടാക്കി കൊടുക്കുന്നത് ഞങ്ങളാണ് "

അടക്കം പറയുന്നു  - "ഇത് മറ്റേ അരി പോടിപ്പിക്കുന്ന മെഷീന്‍ ഉണ്ടാക്കുന്ന കമ്പനിയിലെ ആളുടെ കൂടെ ഉള്ളതാ"

പെണ്ണിന്റെ അമ്മാവന്‍ - "ഈ കമ്പനി ആ അങ്കമാലി റെയില്‍വേ സ്റ്റേഷന്റെ പുറകില്‍ ഉള്ളതല്ലേ?"

ഞാന്‍ - "അതെ. കണ്ടിട്ടുണ്ടോ?"

പെണ്ണിന്റെ അച്ഛന്‍ - "ഒരു SKL നെ അറിയുമോ?"

ഞാന്‍  - "ഉവ്വ്. എന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ്‌. "

പെണ്ണിന്റെ അച്ഛന്‍ - "അയാള്‍ ഇവിടെ പെണ്ണ് കാണാന്‍ വന്നായിരുന്നു"

ഞാന്‍ മനസ്സില്‍ - "ചെറ്റ തെണ്ടി. എല്ലാ ആഴ്ചയും വീട്ടില്‍ പോകുന്നത് അപ്പോള്‍ ഇതിനാണ്. ചോദിച്ചാലോ താത്പര്യമില്ല പോലും. നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ."

പെണ്ണിന്റെ അമ്മാവന്‍ - "എന്നാ ശരി. വിവരങ്ങള്‍ ഇനി ഫോണില്‍ കൈമാറാം."

ഞാന്‍ മനസ്സില്‍ - "അപ്പോള്‍ അത് ചീറ്റി"

ഞങ്ങള്‍ എഴുന്നേറ്റു. പെണ്ണിന്റെ അമ്മാവന്‍ കുറച്ചു നേരത്തെ വളരെ സ്നേഹത്തോടെ എടുക്കാന്‍ ആവശ്യപ്പെട്ട ലഡ്ഡു അപ്പോളും എന്റെ കയ്യില്‍ ഉണ്ടായിരുന്നു. പെണ്ണിന്റെ അമ്മാവനാനെങ്കില്‍ ഇപ്പോള്‍ അതിലേക്കു തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. അയാളെ മനസ്സില്‍ ശപിച്ചു കൊണ്ട് ലഡ്ഡു അവിടെ തന്നെ വച്ച് ഞാന്‍ പടി ഇറങ്ങി. ഇനി റൂമില്‍ എത്തിയിട്ട് ബാക്കി SKL ഇന്റെ പുറത്ത് തീര്‍ക്കാം.

My Expeditions

Popular Posts