Wednesday, March 16, 2011

ഒരു രാത്രി

ലാസ്റ്റ് സ്റ്റോപ്പ്‌. അവള്‍ക്ക് ഇറങ്ങേണ്ട ബസ്‌ സ്റ്റോപ്പ്‌ എത്തി. ബസില്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഭയങ്കര ക്ഷീണമുണ്ടായിരുന്നു. ഇന്ന് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ വൈകി. കുറച്ച് പണി ഉണ്ടായിരുന്നു. നാളെ റിലീസ് ചെയ്യേണ്ട സാധനത്തില്‍ ഒരു ബഗ്. ടെസ്റ്റിംഗ് ടീം ബഗ് ഇട്ടത് വൈകുന്നേരം അഞ്ചു മണിക്ക്. അതൊന്നു അനലൈസ് ചെയ്ത് പ്രശ്നം കണ്ടു പിടിച്ചപ്പോളേക്കും സമയം ഏഴ്. പിന്നെ ഒരു ചെയ്ത്തായിരുന്നു. ശരിയായെന്നു തോന്നിയപ്പൊ തന്നെ ചെക്ക്‌-ഇന്‍ ചെയ്തു. ആ വിവരം ടീം ലീടിനെയും ടെസ്റ്റിംഗ് ടീമിനെയും മെയില്‍ ചെയ്തറിയിച്ചു ഇറങ്ങി. പത്തു മണിക്കൂര്‍ ജോലി കഴിഞ്ഞു ഒരു മണിക്കൂര്‍ ബസ്‌ യാത്ര. പാതി ഉറക്കത്തില്‍ ബാഗും പിടിച്ച് ബസില്‍ നിന്നിറങ്ങി.

ബസ്‌ സ്റ്റോപ്പിന്റെ അടുത്തൂടെ തന്നെ റൂമിലേക്ക്‌ ഒരു കുറുക്കു വഴി ഉണ്ട്. നേര്‍വഴിക്കു പോകുവാണേല്‍ 15 മിനിറ്റ് നടക്കണം. കുറുക്കു വഴിയിലൂടെ ആണേല്‍ 3 മിനിറ്റ് മതി. തൊട്ടടുത്തുള്ള വീട്ടിലെ വെളിച്ചം അവിടെ അടിക്കുന്നത് കാരണം നടക്കാന്‍ എളുപ്പമായിരുന്നു. പക്ഷെ ഇന്ന് അവിടെ ലൈറ്റ് ഇല്ല. ആ വീട്ടുകാര്‍ ഉറങ്ങിയെന്നു തോന്നുന്നു. സമയം 9PM ആയല്ലോ. എങ്ങിനെയെങ്കിലും ഒന്ന് റൂമില്‍ എത്തിക്കിട്ടിയാല്‍ മതി. ഒന്ന് പെട്ടെന്ന് നടന്നാല്‍ മതിയല്ലോ. അതിലൂടെ തന്നെ പോവാന്‍ അവള്‍ തീരുമാനിച്ചു. 

അരവിന്ദിനെ ഇന്ന് വിളിച്ചിട്ടില്ല. തിരക്ക് കാരണം വിട്ടു പോയി. അവനു ദേഷ്യം കാണും. നിങ്ങള്‍ ശരിയായി തന്നെ മനസ്സിലാക്കിയിരിക്കുന്നു. അരവിന്ദ് അവളെ കെട്ടാന്‍ പോകുന്ന പയ്യന്‍ ആണ്.  അരവിന്ദിനെ ഡയല്‍ ചെയ്തു അവള്‍ ആ കുറുക്കു വഴിയെ നടന്നു. "ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ ....". ഡയല്‍ ടോണിന്റെ മാധുര്യം ആസ്വദിച്ചുകൊണ്ട്‌ അവള്‍ മുന്നോട്ടു നീങ്ങി. "ഹലോ..". അരവിന്ദിന്റെ കരുത്തുള്ള ശബ്ദം അവളെ പുളകം കൊള്ളിച്ചു. അവള്‍ക്ക് തിരിച്ചെന്തെങ്കിലും പറയാനാവുന്നതിനു മുന്‍പ് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരാള്‍ ചാടി വീണ് അവളുടെ കൈക്ക് കയറി പിടിച്ചു. ആ നടുക്കത്തില്‍ മൊബൈല്‍ അവളുടെ കയ്യില്‍ നിന്ന് താഴെ വീണ് പൊട്ടി ചിതറി. അവള്‍ ഭയന്ന് നിലവിളിച്ചു. 

എന്ത് ചെയ്യണമെന്നു അവള്‍ക്ക് ഒരു നിശ്ചയമില്ല. നിലവിളി കേള്‍കാന്‍ ചുറ്റുവട്ടത്താരുമില്ല. അയാളുടെ ബലിഷ്ടമായ കൈകളില്‍ നിന്ന് കുതറി മാറാന്‍ അവള്‍ ശ്രമിച്ചുവെങ്കിലും പറ്റിയില്ല. പെട്ടെന്ന് അയാള്‍ അവളുടെ ഇടതു കയ്യില്‍ ഉള്ള പിടി വിട്ടു തന്റെ വലതു കൈ കൊണ്ട് അവളുടെ അരക്കെട്ട് ചുറ്റി പിടിച്ചു. വെപ്രാളത്തില്‍ അവള്‍ തന്റെ ഇടതു കയ്യിലെ കൂര്‍ത്ത നഖങ്ങള്‍ അയാളുടെ മുഖത്തിലേക്ക് ആഴ്ന്നിറക്കി. വേദന മൂലം അയാളുടെ പിടി അഴിഞ്ഞു. അവള്‍ അയാളെ തള്ളി മാറ്റി സര്‍വ്വ ശക്തിയുമെടുത്ത് അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. ആ അടിയില്‍ അയാള്‍ താഴെ വീണു പോയി. അവള്‍ക്ക് ആ ശക്തി എവിടുന്നു കിട്ടി എന്ന് അവള്‍ക്ക് മനസ്സിലായില്ല. അയാള്‍ ആ സ്ഥിതിയില്‍ നിന്ന് സ്വബോധം വീണ്ടെടുക്കുന്നതിന് മുന്‍പ് അവള്‍ ഓടി. തിരിഞ്ഞു നോക്കാതെ ഓടി. 

റൂമിലെത്തി വാതിലടച്ച്‌ അവള്‍ കുറെ നേരം കരഞ്ഞു. മനസ്സ് ഒന്നാറും വരെ. ഇരുട്ടത്ത്‌ തന്നെ കയറി പിടിച്ച അയാളോട് അവള്‍ക്ക് പുച്ചവും അറപ്പും തോന്നി. ഒരാശ്വാസം കിട്ടാന്‍ അരവിന്ദുമായി സംസാരിക്കാന്‍ അവള്‍ ആഗ്രഹിച്ചു. അരവിന്ദ് ഇതറിയുമ്പോള്‍ എന്ത് വിചാരിക്കുമെന്നോര്‍ത്ത് അവളുടെ മനസ്സ് ഭയന്നു. രണ്ടും കല്പിച്ച് തന്റെ റൂംമേറ്റ്‌ ന്റെ ഫോണ്‍ എടുത്തു അരവിന്ദിനെ വിളിച്ച് നടന്നത് പറഞ്ഞു. ഉടനെ തന്നെ അരവിന്ദ് സ്ഥലത്തെത്തി. ആ കുറുക്കു വഴിയില്‍ നിന്ന് അവളുടെ ഫോണും ചെരുപ്പുകളും അവനു കിട്ടി. അവള്‍ പ്രതീക്ഷിച്ചത് അവന്റെ ചോദ്യം ചെയ്യല്‍ ആയിരുന്നെങ്കിലും അങ്ങനെ അല്ല സംഭവിച്ചത്. അവളെ നന്നായി മനസ്സിലാക്കിയിരുന്ന അരവിന്ദിന് ആ സംഭവത്തെ കുറിച്ച് കൂടുതല്‍ ചോദിക്കുന്നത് അവളെ വേദനിപ്പിക്കുമെന്ന് അറിയാമായിരുന്നു. അവന്‍ തന്റെ സാന്നിധ്യം കൊണ്ട് അവളെ ആശ്വസിപ്പിക്കുക മാത്രം ചെയ്തു. അവളുടെ മനസ്സ് ഒന്നടങ്ങി എന്ന് മനസ്സിലായപ്പോള്‍ അവന്‍ അവിടെ നിന്നിറങ്ങി. ആ ഒരിക്കലും മറക്കാനാവാത്ത രാത്രി ഭയാനകമായിരുന്നെങ്കിലും അവള്‍ക്ക് ഒരു കാര്യം മനസ്സിലായി. ദുര്‍ബലയായ സ്ത്രീ എന്നാണ് പേരെങ്കിലും അവള്‍ക്ക് ഒരു ആണിനെ എതിരിടാനുള്ള ശക്തി ഉണ്ട്. ആ രാത്രി അവള്‍ പഠിച്ചതും ആ ഒരു പാഠമാണ്. 

Wednesday, March 9, 2011

വിനോദയാത്രക്കിടയിലെ വനിതാ പോലീസ് വിനോദം

സിക്കിം ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഞങ്ങളുടെ വിനോദയാത്രാ ലക്‌ഷ്യം. ഹിമാലയവും മഞ്ഞും തണുപ്പും കാഴ്ചകളും ആഘോഷിക്കാന്‍ കല്‍കട്ടയില്‍ നിന്നു രാവിലെ ഞങ്ങള്‍ ഗാങ്ങ്ടോക് എത്തി. ഉച്ചക്ക് തന്നെ പുറപ്പെട്ട്  Yungthang Valley യുടെ അടുത്തുള്ള ഞങ്ങളുടെ താമസസ്ഥലത്തേക്ക് പോകാനായിരുന്നു പ്ളാന്‍ . രാത്രി അവിടെ തങ്ങി രാവിലെ മഞ്ഞു മലകളും Valley യും മറ്റു സ്ഥലങ്ങളും  പോകാമെന്ന് ഞങ്ങള്‍ വിചാരിച്ചു. 

ഉച്ചക്ക് മുന്നേ ഗാങ്ങ്ടോകില്‍ കഴിയാവുന്ന സ്ഥലങ്ങള്‍ എല്ലാം കറങ്ങാന്‍ തീരുമാനിച്ച് ഞങ്ങള്‍ ഇറങ്ങി. ആദ്യം തന്നെ നല്ല ഒരു ഹോട്ടല്‍ നോക്കി കയറുകയാണ് ചെയ്തത്. സിക്കിമ്മിലെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ . ചിക്കന്‍ മോമോയും വെജ് മോമോയും സൂപ്പര്‍ ആയിരുന്നു. ശേഷം കറങ്ങാനും ഷോപ്പിങ്ങിനും ആയി ഞങ്ങള്‍ പ്രസിദ്ധമായ എം.ജി.റോഡില്‍ എത്തിച്ചേര്‍ന്നു.


എം.ജി.റോഡ്‌(ഗാന്ധി മാര്‍ഗ്) ഞങ്ങള്‍ ആരും അത്ര പെട്ടെന്ന് മറക്കാനിടയില്ലാത്ത സ്ഥലമാണ്. ഷോപ്പിങ്ങിന് പ്രസിദ്ധമായ അവിടെ ഞങ്ങള്‍ എല്ലാ കടയിലും കയറി സ്വന്തക്കാര്‍ക്കായി എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയായിരുന്നു. കൂടെ അവിടെയും ഇവിടെയും ഒക്കെ നിന്നു ഫോട്ടോ എടുപ്പും. അങ്ങിനെ ഒരു ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ കാണിച്ച ആങ്ങ്യം രണ്ടു പേര്‍ക്ക് മാത്രം ഇഷ്ടപ്പെട്ടില്ല. കോളേജ് പിള്ളേര്‍ ആയ ബൈച്ചുങ്ങിനും ടെലാനിനും. തങ്ങളുടെ നാട്ടില്‍ ആ ആങ്ങ്യത്തിനു മോശം അര്‍ത്ഥമാണ് ഉള്ളതെന്ന അവരുടെ അഭിപ്രായത്തിന്മേല്‍ അവരോടു മാപ്പ് പറഞ്ഞു ഞങ്ങള്‍ പോകാന്‍ ആഞ്ഞു. അവര്‍ ഞങ്ങളെ തടഞ്ഞു. അവരുടെ നാട്ടില്‍ മാപ്പപെക്ഷിക്കുന്നത് ചുമ്മാ നാവു കൊണ്ട് പറഞ്ഞല്ല പ്രത്യുത ബിയര്‍ വാങ്ങി കൊടുത്താണത്രെ. എന്നാല്‍ അങ്ങിനെ മാപ്പപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് ഉറപ്പിച്ച് പറഞ്ഞു കൊണ്ട് അവരെ കവച്ച് ഞങ്ങള്‍ മുന്‍പോട്ടു നടന്നു.

ഞാനും AC യും വീണ്ടും ഷോപ്പിങ്ങിനായി കടകള്‍ കയറി ഇറങ്ങി തുടങ്ങി. അപ്പോഴാണ്‌ LK യുടെ നിലവിളി കേള്‍ക്കുന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ LK താഴെ കിടക്കുന്നു. ടെലാനിന്‍ അവന്റെ മേലെയും. ബൈച്ചുങ് ദൂരെ നിന്നും ഓടി PH ന്റെ നേരെ വരുന്നു. ചാടി അവന്റെ പുറത്തൊരു ചവിട്ട്. അതാ കിടക്കുന്നു PH ഉം താഴെ. എരുന്തു പിള്ളേര്‍ ആണെങ്കിലും പറന്നടി ആണ്. ഇവരെ രക്ഷിക്കാന്‍ ചെന്ന PC കും കിട്ടി കണക്കിന്. ഞങ്ങള്‍ അങ്ങോട്ട്‌ ഓടി എത്തുമ്പോളേക്കും ഇവരെ തള്ളി മാറ്റി LK യും PH ഉം PC യും ഒരു മരുന്ന് കടയില്‍ അഭയം പ്രാപിച്ചു. എന്നിട്ടും അവര്‍ വിടാന്‍ ഭാവമില്ല. പുറകെ ചെന്ന് മരുന്ന് കടയില്‍ കയറാന്‍ ശ്രമിച്ച അവരെ രണ്ടു പേരെയും മഫ്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ പിടിച്ചു. 

ഞങ്ങളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. ഒരു SI യും മൂന്നു constables ഉം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. constables ഇല്‍ രണ്ടു പേര്‍ വനിതകള്‍ . വനിതകള്‍ എന്ന് പറഞ്ഞാല്‍ എന്റെ പൊന്നേ രണ്ടു സുന്ദരി കുട്ടികള്‍ . ഒരു 27-28 പ്രായം വരും. കല്യാണം കഴിഞ്ഞതാണോ എന്നറിയില്ല. ഞങ്ങള്‍ പരാതി എഴുതിക്കൊണ്ടിരുന്നപ്പോള്‍ മഫ്ടിയില്‍ ഉള്ള പോലീസുകാര്‍ തന്നെ ബൈച്ചുങ്ങിനെയും ടെലാനിനെയും വൈദ്യ പരിശോധനക്ക് കൊണ്ട് പോയി. അവര്‍ നേരത്തേ മദ്യപിചിട്ടുണ്ടായിരുന്നു. ആ ഒരു പ്രധാന കാരണവും, PC യുടെ ചുണ്ടുകളിലെ മുറിവും, PH ന്റെ കണ്ണിനു താഴെ ഉള്ള ചതവും, LK യുടെ കയ്യിലെ വേദനയും കേസ് തികച്ചും ഞങ്ങള്‍ക്ക് അനുകൂലമായി തീര്‍ത്തു. ടൂറിസ്റുകളെ ആക്രമിച്ചു എന്നായിരുന്നു കേസ്. വനിതാ പോലീസുകാര്‍ക്ക് എന്തുണ്ടായി എന്ന് ഉത്സാഹത്തോടെ വിവരിച്ചു കൊടുക്കുമ്പോള്‍ LK യുടെ കയ്യിലെ വേദന എവിടെ പോയെന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. ബൈച്ചുങ്ങിനെയും ടെലാനിനെയും തിരികെ കൊണ്ട് വന്നതിനു ശേഷം ഞങ്ങളെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. 

തിരിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ടത് ദയനീയ ചിത്രമാണ്. വനിതാ പോലീസുകാര്‍ ശരിക്കും ആഘോഷിക്കുകയാണ്. ബൈച്ചുങ്ങിനെയും ടെലാനിനെയും imaginary chair ഇല്‍ കൈ നീട്ടി ഇരുത്തിയിരിക്കുന്നു. ഒരു പോലീസുകാരി അവരുടെ മുന്‍പിലും മറ്റെയാള്‍ പുറകിലും ഇരിക്കുന്നു. മുന്‍പിലിരിക്കുന്ന പോലീസുകാരി നീട്ടി പിടിച്ചിരിക്കുന്ന കയ്യിലെ കൊട്ടിനിട്ട് സ്കെയില്‍ കൊണ്ട് അടിക്കുന്നു. വേദന കൊണ്ട് കൈ വലിച്ചാലോ ഇരിപ്പോന്നു മാറിയാലോ പുറകില്‍ ഇരിക്കുന്നയാള്‍ ലാത്തി കൊണ്ട് പുറത്തടിക്കുന്നു. ഞങ്ങള്‍ക്ക് സഹതാപം തോന്നിയെങ്കിലും ഒന്നും പറയാന്‍ പോയില്ല. അടി കൊള്ളുമ്പോള്‍ ഇങ്ങനെ കൊള്ളണം എന്നായിരുന്നു LK യുടെ അഭിപ്രായം. സിക്കിം ഇന്ത്യയിലെ തന്നെ ഏറ്റവും കുറ്റകൃത്യം കുറഞ്ഞ സംസ്ഥാനം ആയതു ഇങ്ങനെയാണോ? ഇവിടുത്തെ സുന്ദരി കുട്ടികളായ വനിതാ പോലീസുകാര്‍ മുഴുവന്‍ ഇത്ര ഭീകരികള്‍  ആണോ? 

നന്നേ ക്ഷീണിച്ചിരുന്നു. ഇനി Yungthang Valley ക്ക് അടുത്തുള്ള ഹോട്ടലിലെക്കുള്ള യാത്ര വയ്യ. അതുകൊണ്ട് സ്റ്റേഷനില്‍ നിന്നിറങ്ങി ഞങ്ങള്‍ നേരെ ഗാങ്ങ്ടോകില്‍ തന്നെ ഒരു ഹോട്ടലിലേക്ക് പോയി. അടുത്ത ദിവസം രാവിലെ തന്നെ പോയി ആ പിള്ളേരുടെ പേരിലുള്ള കേസ് ഞങ്ങള്‍ പിന്‍വലിച്ചു. അവരുടെ ഭാവി എന്തിനു തുലക്കണം. അതിനു ശേഷം ഞങ്ങടെ യാത്ര തുടര്‍ന്നു. യാത്രക്കുടനീളവും അതിനു ശേഷവും ഞങ്ങള്‍ക്ക് ചിരിക്കാനുള്ള ഒരു അനുഭവമായി ഇത്.