എന്റെ ആദ്യത്തെ വിമാന യാത്ര പൂനെയില്‍ നിന്ന് ബെംഗലൂരു വഴി കൊച്ചിയിലേക്കായിരുന്നു. പൂനെയില്‍ reunion നടത്താം എന്ന ആശയം വന്നപ്പോളേ ഞാന്‍ ഉറച്ചതാണ് വിമാനത്തില്‍ തിരിച്ചു വരണമെന്ന്. രാവിലെ 7.50 നു ആയിരുന്നു വിമാനം. KINGFISHER AIRLINES. ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു ആകാംക്ഷ എനിക്കും ഉണ്ടായിരുന്നു.
എയര്‍പോര്‍ട്ടില്‍ എത്തി. വെളിയിലെ ഗേറ്റില്‍ ഉള്ള CISF സെക്യൂരിറ്റി ഗാര്‍ഡ് എന്റെ ടിക്കറ്റും ID കാര്‍ഡും വാങ്ങി പരിശോധിച്ചു. തീവ്രവാദി ആണോ??? ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളുടെ മുഴുവന്‍ സെക്യൂരിറ്റി ചുമതലയും CISF ന് ആണ്. അകത്തു കടന്നപ്പോള്‍ വിവിധ എയര്‍ലൈനുകളുടെ കൌണ്ടറുകള്‍ . KINGFISHER ന്റെ കൌണ്ടറില്‍ ചെന്ന് ചെക്ക്-ഇന്‍ ചെയ്തു. അപ്പോഴേക്കും സെക്യൂരിറ്റി ചെക്കിനു വിളിച്ചിരുന്നു. നേരെ പോയി അങ്ങോട്ട്. കയ്യിലുണ്ടായിരുന്നത് ഒരു ഹാന്‍ഡ് ബാഗ് മാത്രം. X-Ray Machine ന്റെ അകത്തുടെ കടത്തി വിടാന്‍ ഉരുളുന്ന പൈപുകളില്‍ ബാഗ് വച്ചു. ദേഹ പരിശോധനക്ക് ചെന്നു. ഒരു CISF ജവാന്‍ Metal Detector വച്ച് ദേഹം മുഴുവന്‍ പരിശോധിച്ചു. ദോണ്ടേ വരുന്നു ഒച്ചയും വിളിയും. നോക്കിയപ്പൊ മൊബൈല്‍ ഫോണ്‍ . കിട്ടി ആദ്യത്തെ തെറി. തിരിച്ചു പോയി മൊബൈല്‍ ഒരു പെട്ടിയില്‍ ഇട്ട് X-Ray Machine ന്റെ അകത്തുടെ കടത്തി വിട്ടിട്ടു വന്നു. വീണ്ടും ബാക്കി പരിശോധന. ദോണ്ടേ വീണ്ടും ഒച്ചയും വിളിയും. MY GOD ഇനി എന്താ!!! ഇത്തവണ പേഴ്സ് ആണ് പ്രശ്നക്കാരന്‍ . അത് പുറത്തെടുത്ത് വെക്കാന്‍ പറഞ്ഞു. അയാള്‍ അത് ചെക്ക് ചെയ്തു. കുറെ ചില്ലറയും ഒരു സിം കാര്‍ഡും ആയിരുന്നു പ്രശ്നക്കാര്‍ . എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ടിക്കറ്റ് സീല്‍ ചെയ്തു തന്നു.
ഹാന്‍ഡ് ബാഗ് എടുക്കാന്‍ പോയപ്പോള്‍ ഉണ്ട് അതും പിടിച്ചു ഒരു തൊപ്പി വച്ച സര്‍ദാര്‍ജി പോലീസ് ഇരിക്കുന്നു. ഞാന്‍ നോക്കുന്നത് കണ്ട് അയാള്‍ ചോദിച്ചു - "यह तुम्हारा है क्या?". ഞാന്‍ ആണെന്ന രീതിയില്‍ തലയാട്ടി. "इस्पे tag कहा है?". എന്താണ് അയാള്‍ ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്ത് tag? ഞാന്‍ ദയനീയ ഭാവത്തില്‍ അയാളോട് ചോദിച്ചു - "Tag Sir?". കിട്ടി അടുത്ത തെറി. "मै तेरे बाप के लिए काम नहीं करता!!!". കാര്യം പിന്നെ മനസ്സിലായി. ബാഗില്‍ tag കെട്ടിയിട്ടില്ല. എന്റെ ദയനീയ അവസ്ഥ കണ്ട് അവിടെയിരുന്ന ഒരു ജീവനക്കാരി ഒരു tag എടുത്തു കൊടുത്തു. അയാള്‍ അത് സീല്‍ ചെയ്ത് തന്നു. സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ സീല്‍ ടിക്കറ്റിലും ബാഗില്‍ കെട്ടിയ tag ലും ഉണ്ടെങ്കിലേ വിമാനത്തില്‍ കയറാന്‍ പറ്റു.
ബോര്‍ഡിംഗ് ഗേറ്റിന്റെ മുന്‍പില്‍ തന്നെ ഉള്ള ലോബിയില്‍ ഇരുന്നു. അതികം വൈകാതെ തന്നെ ബോര്‍ഡിംഗ് അനൌണ്‍സ് ചെയ്തു. വിമാനത്തില്‍ കയറി. ആദ്യം ബെംഗലൂരിലേക്കുള്ള വിമാനമാണ്. AIRBUS A320. കിടിലന്‍ സാധനം. എനിക്ക് വിന്‍ഡോ സീറ്റ് ആണ് കിട്ടിയത്. നിര്‍ദേശങ്ങള്‍ ഒക്കെ അനുസരിച്ച് കൊണ്ട് സീറ്റ് ബെല്‍റ്റ് ധരിച്ചു. വിമാനം take off ചെയ്യാന്‍ പോവുകയാണെന്ന് പൈലറ്റ് അനൌണ്‍സ് ചെയ്തു. Take off ചെയ്യുമ്പോള്‍ ഇത്ര സ്പീഡില്‍ പോകുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ സീറ്റിനോട് പറ്റി പോയി. കുറച്ച് കഴിഞ്ഞ് ഒരു weightlessness ഫീല്‍ ചെയ്തു. വിമാനം നിലത്തു നിന്ന് ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഉയര്‍ന്ന് പൊങ്ങുമ്പോള്‍ ജനനിലൂടെ താഴേക്ക് ഭൂമിയിലെ കെട്ടിടങ്ങള്‍ ചെറുതാവുന്നത് നോക്കി കുറച്ച് നേരം ഇരുന്നു.
രണ്ട് air hostess ഉണ്ടായിരുന്നു. ഒന്ന് കൊള്ളാം. നല്ല സുന്ദരിക്കുട്ടി. രണ്ടാമത്തേത് പര കൂതറ. എന്നാല്‍ അവളുടെ വിചാരമോ വിശ്വ സുന്ദരിയോ മറ്റോ ആണെന്നാണ്. ആദ്യം ഒരു lime juice bottle കിട്ടി. പിന്നെ ഫുഡ്. വിമാനത്തില്‍ നല്ല ഫുഡ് ഫ്രീ ആയി കിട്ടുമെന്ന് അന്ന് എനിക്ക് മനസ്സിലായി. നമ്മള്‍ സാധാരണ ആയി കഴിക്കുന്ന സാധനങ്ങള്‍ ഒന്നും അല്ല. Sandwitch, pastry, fruit bowl ഇവയൊക്കെയാണ് കിട്ടുന്നെ. സുഭിക്ഷമായി തട്ടി വിട്ടു. സുന്ദരിക്കുട്ടി air hostess നെ വിളിച്ച് toilet എവിടെയാണെന്ന് ചോദിച്ച് മനസ്സിലാക്കി. പോയി ഒന്ന് മൂത്രമൊഴിച്ചു. വിമാനത്തില്‍ മൂത്രമൊഴിക്കണമെന്ന ആഗ്രഹം അങ്ങനെ നിറവേറി.
സീറ്റില്‍ വച്ചിരുന്ന പത്രം വായിച്ചുകൊണ്ടിരിക്കുമ്പോളാണ് ലാന്‍ഡ് ചെയ്യാന്‍ പോകുന്നെന്ന് പൈലറ്റ് വിളിച്ച് പറഞ്ഞത്. വിമാനം മെല്ലെ മെല്ലെ താണ് തുടങ്ങി. നേരെ താഴോട്ട് പതിക്കാന്‍ പോകുന്ന പോലെ ഒക്കെ ചിലപ്പോള്‍ പോകും. അപ്പോള്‍ വയറ്റില്‍ ഉള്ളതൊക്കെ തൊണ്ടയില്‍ എത്തും. പേടിപ്പിക്കാന്‍ വേണ്ടിയാണോ പൈലറ്റ്സ് അങ്ങിനെ ചെയ്യുന്നേ? എനിക്ക് കലശലായ ചെവി വേദന തുടങ്ങി. ഉയരം പെട്ടെന്ന് കുറഞ്ഞ് മര്‍ദ്ദത്തില്‍ വ്യത്യാസം വരുന്നതിന്റെ ആണെന്ന് തോന്നുന്നു. അവസാനം ലാന്‍ഡ് ചെയ്തപ്പോള്‍ എനിക്കൊന്നും കേള്‍ക്കാന്‍ മേലാര്‍ന്നു.
രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് കൊച്ചിയിലേക്കുള്ള connection flight. പുതിയ ബെംഗലൂരു എയര്‍പോര്‍ട്ട് ഒന്ന് ചുറ്റിക്കാണാം എന്ന് വിചാരിച്ചു. പുതിയ എയര്‍പോര്‍ട്ട് സുന്ദരമായിട്ടുണ്ട്. പക്ഷെ ആ കള്ള പരിഷകള്‍ അവിടെ UDF കളിക്കുവാ. User Development Fees 250 rupees!!! അതടച്ച രസീതി ഉണ്ടെങ്കിലേ അവിടുന്ന് കയറാന്‍ സമ്മതിക്കൂ. അത്രേം രൂപ സുഖമായി പോയി കിട്ടി.
എല്ലാം കഴിഞ്ഞ് കൊച്ചിയിലേക്കുള്ള connection flight കയറി. ATR72500 മോഡല്‍ . AIRBUS A320 യെ അപേക്ഷിച്ച് ചെറിയ വിമാനം. കുറെ സായിപ്പുകളും മദാമ്മമാരും ഉണ്ടായിരുന്നു ഇതില്‍ കൊച്ചിയിലേക്ക്. ഈ യാത്രയിലാണ് ഞാന്‍ അടുത്ത പാഠം പഠിച്ചത്. ഫുഡ് ഫ്രീ ആയി കഴിക്കാന്‍ കാത്തു നിന്ന എനിക്ക് പച്ചവെള്ളം മാത്രമേ ആ വിമാനത്തില്‍ ഫ്രീ ആയി കിട്ടിയുള്ളൂ. ഫുഡ് വേണേല്‍ കാശു കൊടുക്കണം. നോട്ട് ദി പോയിന്റ്. എല്ലാ വിമാനത്തിലും ഫ്രീ ഫുഡ് കിട്ടില്ല.
അവസാനം കൊച്ചി എത്തി. സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു. ഉച്ച വരെ ലീവ് ആണ്. ഇനി നേരെ ഓഫീസിലേക്ക്.