കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ചെന്നൈയിലെ ഒരാഴ്ചത്തെ ജോലി അവസാനിപ്പിച്ച് അവിടെ നിന്നും ബാംഗളൂര്‍ക്ക് കയറിയത്. വോള്‍വോ മള്‍ടി അക്സല്‍ ബസില്‍ ഉള്ള യാത്ര ആയതു കൊണ്ട് മര്യാദക്ക് ഉറങ്ങാനും പറ്റിയില്ല. ബാംഗ്ലൂര്‍ . എന്റെ പഴയ തട്ടകം. കൊച്ചിയിലേക്ക് സ്ഥലം മാറി വരുന്നതിനു മുന്‍പ് രണ്ട് മൂന്ന് വര്‍ഷം വിലസിയ നഗരമാണ്. ഇങ്ങനെ അപൂര്‍വ്വം ചില യാത്രകളില്‍ ആണ് അവിടെ ഇപ്പോളും ഉള്ള എന്റെ പഴയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം കിട്ടുന്നത്. അവിടെ പോകുമ്പോളൊക്കെയും ഞാന്‍ താമസിക്കുന്നത് എന്റെ ക്ളാസ്മേറ്റ്‌സിന്റെ കൂടെയാണ്. അവരുടെ കൂടെ ഞാന്‍ വളരെ അധികം എന്‍ജോയ് ചെയ്യാറുണ്ട്. അവിടെ അത്യാവശ്യം വെടി പറയാനും കൂടെ മദ്യപിക്കാനും പുറത്തു പോയി ലാവിഷായി ഭക്ഷണം കഴിക്കാനും ചുറ്റാന്‍ പോകാനും ഒക്കെ അവരുണ്ടാവും.
രാവിലെ അഞ്ചരക്ക് മടിവാളയില്‍ ഞാന്‍ വന്നിറങ്ങി. അവിടെ നിന്നും 15 മിനിട്ട് നടക്കണം BTM ലേയൌട്ടില്‍ ഉള്ള
എന്റെ ക്ളാസ്മേറ്റ്‌സിന്റെ റൂം എത്താന്‍ . അവര്‍ എഴുന്നേറ്റിട്ടുണ്ടാവുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷെ ഞാന്‍ അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച എന്നെ അമ്പരിപ്പിച്ചു. എല്ലാവരും എഴുന്നേറ്റ് ട്രൌസറും ടി-ഷര്‍ട്ടും ഷൂസും ഒക്കെ ഇട്ട് ഓടാന്‍ റെഡി ആയി നിക്കുന്നു. മൈ ഗോഡ്. ഭൂമി കുലുങ്ങിയാല്‍ എഴുന്നേക്കാത്ത ഈ കൂതറകള്‍ക്ക് ഇതെന്തു പറ്റി. കാരണം മനസ്സിലാക്കിയ എനിക്ക് വെറും വയറ്റില്‍ കുലുങ്ങി കുലുങ്ങി ചിരിക്കേണ്ടി വന്നു. കൂട്ടത്തില്‍ ഒരു മണ്ടനെ കഴിഞ്ഞ തവണ കാണാന്‍ പോയ പെണ്ണ് വേണ്ടെന്നു പറഞ്ഞു പോലും. കാരണം? അവന് ഗര്‍ഭിണികളുടെത് പോലെ ഭയങ്കര വയറാണത്രെ. ഹ ഹ ഹ. ഇനി ഇപ്പൊ ഈ ഓടാന്‍ പോകുന്നതില്‍ വല്ല കാര്യോം ഉണ്ടോ? ഓടാന്‍ പോയി തിരിച്ചെത്തിയാല്‍ അതിന്റെ ക്ഷീണം തീരുന്നത് വരെ തിന്നും. ഉച്ചക്കാണെങ്കില്‍ പിസയോ മറ്റോ. രാത്രി ബിയറും തന്തൂരി ചിക്കനും. ഇതൊന്നും പോരഞ്ഞിട്ട് ഇടയ്ക്കിടയ്ക്ക് കോറയ്ക്കാന്‍ വല്ല മിക്സ്‌ചറും ചിപ്സും. വയറ് കുറഞ്ഞത് തന്നെ.
തുടരെ തുടരെ ഉള്ള യാത്രകള്‍ എന്നെ വളരെ ക്ഷീണിതനാക്കിയിരുന്നു. റൂമില്‍ ചെന്ന് കയറിയ ഉടന്‍ ഞാന്‍ കയറി കിടന്നു. വളരെ പെട്ടെന്ന് തന്നെ ഞാന്‍ ഉറങ്ങി പോയി. നല്ല ഉറക്കത്തിലായിരിക്കുമ്പോളാണ് എനിക്ക് എന്റെ പഴയ കമ്പനിയിലെ സുഹൃത്തുക്കളില്‍ നിന്ന് ഫോണ്‍ വന്നത്. ബാംഗ്ലൂരില്‍ ശനിയാഴ്ച എത്തുമെന്ന് ഞാന്‍ അവരെ അറിയിച്ചിരുന്നു. ഇന്ന് അവരുടെ റൂമിലേക്ക് വരുമോ എന്നവര്‍ ചോദിച്ചു. ഞാന്‍ വരുകയാണെങ്കില്‍ മറ്റുള്ളവരെയും വിളിച്ചു ഒരു ലഞ്ച് ആകാം എന്നായിരുന്നു അവരുടെ ഐഡിയ. ഞാന്‍ എതിര് നിന്നില്ല. ഒരു രണ്ടു മണിക്കൂര്‍ കൊണ്ട് മൈസൂര്‍ റോഡിലുള്ള അവരുടെ റൂമില്‍ എത്താം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. 'കി കി' - എന്റെ ഫോണ്‍ വിശന്നു കരഞ്ഞു തുടങ്ങിയിരിക്കുന്നു. വന്ന ഉടനെ ചാര്‍ജ് ചെയ്യാന്‍ വെക്കണം എന്ന് കരുതിയതാണ്. ഉറങ്ങാനുള്ള ആവേശത്തില്‍ അത് മറന്നു. ഇനി പല്ല് തേച്ച് കുളിച്ച് ഒക്കെ ഇറങ്ങുന്നത് വരെ ചാര്‍ജ് ചെയ്യാം. ദുഷ്ടന്മാര്‍ ഒന്‍പതു മണിയാകുമ്പോളേക്കും വിളിച്ചെഴുന്നേല്‍പ്പിച്ചിരിക്കുന്നു. "@#$%^&*" - (പച്ച മലയാളത്തില്‍ ഉള്ള തെറി. നിങ്ങള്‍ക്ക് ഊഹിക്കാം)
പത്തു മണിയാകുമ്പോളേക്കും റെഡി ആയി ഞാന്‍ അവിടുന്നിറങ്ങി. ഫോണിന്റെ ബാറ്ററി ഒരു കട്ടയേ കയറിയുള്ളൂ. പതിനൊന്നരക്ക് ഞാന്‍ മൈസൂര്‍ റോഡില്‍ ഉള്ള അവരുടെ റൂമില്‍ എത്തി. അവിടെ എല്ലാരും എത്തിയിരുന്നു. സന്തോഷകരമായ രണ്ടു മണിക്കൂര്‍ ചിലവഴിച്ച് ലഞ്ചും കഴിഞ്ഞ് ഞാന്‍ തിരിച്ചു. അവരുടെ റൂമില്‍ നിന്ന് ഇറങ്ങുമ്പോളാണ് എന്റെ മാനേജറുടെ ഫോണ്‍ കാള്‍ വന്നത്. ഞാന്‍ മറ്റു ജോലികളില്‍ തിരക്കിലായിരുന്നത് കൊണ്ട് ഞാന്‍ പോകേണ്ടിയിരുന്ന മിഡില്‍ ഈസ്റ്റ് സൈറ്റില്‍ അദ്ദേഹം പോകാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് രാത്രിയായിരുന്നു വിമാനം. അവിടുത്തെ ജോലിയോടനുബന്ധിച്ച സംഭവങ്ങളുടെ ഒരു ഏകദേശരൂപം ഞങ്ങള്‍ ഡിസ്കസ് ചെയ്തു. ആ ഫോണ്‍ കാള്‍ കഴിഞ്ഞതോടെ എന്റെ ഫോണ്‍ വീണ്ടും 'കി കി' എന്ന് കരയാന്‍ തുടങ്ങി.
മൈസൂര്‍ റോഡില്‍ നിന്നും ബനശങ്കേരിയിലേക്ക് എനിക്കൊരു ബസ് കിട്ടി. ബനശങ്കേരിയില്‍ എത്തിയാല്‍ പിന്നെ BTM ലേയൌട്ടിലേക്ക് ബസ് കിട്ടാന്‍ എളുപ്പമാണ്. സമയം ഉച്ച തിരിഞ്ഞു രണ്ടു മണി. ബസ് നയന്ദഹള്ളി സിഗ്നലില്‍ എത്തി നില്‍ക്കുന്നു. അവിടെ പൊരിഞ്ഞ ബ്ളോക്ക് ആണ്. ഹോണ്‍ അടിയും പൊടി പടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലൂടെ ബസ് ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുകയാണ്. തനിക്കു നല്ല വിശപ്പുണ്ടെന്നു എന്റെ ഫോണ്‍ എന്നെ 'കി കി' ശബ്ദത്തിലൂടെ വീണ്ടും അറിയിച്ചു. കുന്തം. ഉറക്കക്ഷീണം എന്നെ വിഴുങ്ങി ഉച്ചസ്ഥായിയില്‍ നില്‍ക്കുകയാണ്. ഒന്ന് മയങ്ങിയാലും ഒന്നും തന്നെ വരാന്‍ പോകുന്നില്ല. ബസ് ബനശങ്കേരി എത്തുമ്പോഴേക്കും ഒരു മണിക്കൂറെങ്കിലും കഴിയും. പോരാഞ്ഞ് ബനശങ്കേരി അവസാന സ്റ്റോപ്പ് അല്ലെ. അവിടെ എത്തിയാല്‍ ഉറങ്ങുന്നോരെ ഒക്കെ വിളിച്ചെഴുന്നെല്പിച്ച് കണ്ടക്ടര്‍ ഇറക്കി വിട്ടോളും. ഞാന്‍ ഒന്ന് മയങ്ങാന്‍ തന്നെ തീരുമാനിച്ചു.
മുന്നിലത്തെ സീറ്റില്‍ തലയിടിച്ച് ഞെട്ടിയുണരുകയാണുണ്ടായത്. ബസ് ബ്രേക്ക് ഇട്ടതാണ്. ഞാന്‍ പുറത്തേക്കു നോക്കി. എവിടെ എത്തി? ബനശങ്കേരി സെക്കന്റ് സ്റ്റേജ്. ഇനി ഒരു രണ്ടു സ്റ്റോപ്പ് കാണും ബനശങ്കേരി ബസ് സ്റൊപ്പിലേക്ക്. ഞാന്‍ ഒന്ന് ഞെളിഞ്ഞെഴുന്നേറ്റു. അടുത്തുള്ള കുറച്ചു പേര്‍ എന്നെ തന്നെ തുറിച്ചു നോക്കുകയാണ്. ബസില്‍ ഇരുന്നു ഞെളിഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലേ ആവോ. കര്‍ണാടകത്തില്‍ അതൊരു മോശമായ കാര്യമാണോ?
"तुम पिए हुए हो क्या?" (നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ?) - തൊട്ടടുത്തിരിക്കുന്ന സഹയാത്രികന്‍ എന്നോട് ചോദിച്ചു.
ഹിന്ദി. വോ തോ മേരെ ദായെ ഹാത്ത് കാ ഖേല്‍ ഹേ... പന്ത്രണ്ടാം ക്ളാസ്സില്‍ ഹിന്ദിയില്‍ 150/150 വാങ്ങിച്ച എന്നോടാണ് കളി.
"नहीं" (ഇല്ല) - ഞാന്‍ മറുപടി പറഞ്ഞു.
അപ്പോളാണ് ഞാന്‍ കണ്ടത്. എന്റെ ഫോണ്‍ ഉണ്ട് അയാളുടെ കയ്യില്‍ ഇരിക്കുന്നു. ഞാന്‍ എന്റെ പോക്കറ്റില്‍ തപ്പി ഉറപ്പിച്ചു. അതെ. അത് എന്റെ ഫോണ്‍ ആണ്. ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അത് എന്റെ കയ്യില്‍ ആണ് ഉണ്ടായിരുന്നത്. ഉറക്കത്തില്‍ വീണു പോയി കാണും.
"मेरा फ़ोन" (എന്റെ ഫോണ്‍ ) - ഞാന്‍ അയാളോട് ചോദിച്ചു.
കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു കളിപ്പിച്ച് അയാള്‍ എനിക്ക് ഫോണ്‍ തന്നു. അത് സ്വിച്ച് ഓഫ് ആയിപ്പോയിരുന്നു. നേരത്തെ അതിന്റെ കരച്ചില്‍ കണ്ടപ്പോളേ എനിക്ക് തോന്നിയതാണ് പെട്ടെന്ന് തന്നെ വെടി തീരുമെന്ന്. കുറച്ചു സമയത്തിനുള്ളില്‍ തന്നെ ബനശങ്കേരി ബസ് സ്റ്റോപ്പ് വന്നു. അവിടുന്ന് BTM ലേയൌട്ടിലേക്ക് ബസ് പിടിച്ചു. നാല് മണിയാകുമ്പോളേക്കും ഞാന്‍ റൂമിന്റെ മുന്‍പില്‍ എത്തി.
ഞാന്‍ ഡോര്‍ ബെല്‍ അടിച്ചു. ഹരി ആണ് വാതില്‍ തുറന്നത്. അവന്റെ മുഖത്ത് പറയാനാവാത്ത ഒരു ഭാവമാണ് ഉണ്ടായിരുന്നത്. "നമ്മുടെ നായകന്‍ എത്തി" - അവന്‍ വിളിച്ചു പറഞ്ഞു. ഞാന്‍ അകത്തേക്ക് എത്തിച്ചു നോക്കി. എല്ലാരും ഫോണില്‍ ആണ്. എന്താ പ്രശ്നം ആവോ. ചിന്തു ഓടി വന്നു. "എടാ അന്‍സാബെ, അവന്‍ എത്തി. നീ ഇങ്ങോട്ട് വാ" - ചിന്തു ഫോണില്‍ പറഞ്ഞു. എല്ലാരും ഫോണ്‍ വച്ച് എന്റെ നേരെ ആക്രോശത്തോടെ ഓടി അടുത്തു. എനിക്ക് കിട്ടേണ്ട വക എന്തോ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. മനസ്സില്ലാ മനസ്സോടെ ഞാന്‍ എന്റെ പുറം കാണിച്ചു നിന്ന് കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു. സത്യത്തില്‍ എന്താ പ്രശ്നം? എല്ലാവരും ഞെട്ടി ( :-o ). കാര്യം എന്താണെന്ന് എനിക്കറിയില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്റെ ഫോണ്‍ വാങ്ങി നോക്കി. അത് വരുന്ന വഴിക്ക് സ്വിച്ച് ഓഫ് ആയെന്നു ഞാന്‍ അവരോടു പറഞ്ഞു. അപ്പോളേക്കും അന്‍സാബും സകീറും എത്തി.
ഇനി ഫ്ളാഷ് - ബാക്ക്
നമുക്ക് ഒരു രണ്ടു മണിക്കൂര്‍ മുന്‍പിലേക്ക് സഞ്ചരിക്കാം. ഞാന്‍ കയറിയ ബസ് നയന്ദഹള്ളി സിഗ്നലിനടുത്ത്. ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു കഴിഞ്ഞിരിക്കുന്നു. ഉറങ്ങുമ്പോള്‍ എന്റെ ഫോണ്‍ എന്റെ കയ്യിലിരിക്കുകയായിരുന്നു. ഉറക്കത്തിനിടയില്‍ എപ്പോളോ ഫോണ്‍ എന്റെ കയ്യില്‍ നിന്ന് താഴെ വീണു. എന്റെ തൊട്ടടുത്തിരുന്ന സഹയാത്രികന്‍ ഫോണ്‍ താഴെ നിന്ന് എടുത്തു. അയാള്‍ എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഒരാഴ്ചത്തെ ക്ഷീണം ഉറങ്ങി തീര്‍ക്കുകയായിരുന്ന ഞാന്‍ അയാളുടെ വിളികള്‍ക്കൊന്നും പ്രതികരിച്ചില്ല. അയാള്‍ തട്ടി വിളിച്ചിട്ട് പോലും പ്രതികരിച്ചില്ല എന്ന് വേണം കരുതാന്‍ . കൂടാതെ ഉറക്കം തൂങ്ങി ഞാന്‍ അയാളുടെ മേലെ വീഴുകേം ചെയ്തിരിക്കണം. എന്തായാലും എന്തൊക്കെ ഉണ്ടായി എന്നെനിക്കറിയില്ല. പക്ഷെ ഞാന്‍ ബോധം കെട്ടതാണെന്ന് അയാള്‍ സംശയിച്ചു. വേറെ വഴി ഇല്ലാതെ അയാള്‍ എന്റെ ഫോണ്‍ എടുത്തു നോക്കി. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആരെയെങ്കിലും കിട്ടിയാല്‍ കാര്യം അറിയിക്കാം എന്ന് അയാള്‍ കരുതിയിരിക്കണം. ഞാന്‍ അവസാനം ഡയല്‍ ചെയ്ത നമ്പറിലേക്ക് അയാള്‍ വിളിച്ചു. അതെ. എന്റെ മാനേജറുടെ നമ്പര്‍ . "Helo. I am his co-passenger. He has fainted" - മുഴുവന്‍ പറയാന്‍ എന്റെ ഫോണ്‍ അനുവദിച്ചില്ല. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ലവന്‍ സ്വിച്ച് ഓഫ് ആയി. ഭയന്ന് പോയ എന്റെ മാനേജര്‍ എന്റെ ഫോണ്‍ നമ്പറില്‍ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചു. സ്വിച്ച് ഓഫ് .
അന്ന് രാത്രി മിഡില്‍ ഈസ്റ്റ് പോകാന്‍ തയാറെടുത്തുകൊണ്ടിരുന്ന അദ്ദേഹം എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. കൊച്ചിയിലിരിക്കുന്ന അദ്ദേഹം ബാംഗ്ലൂരില്‍ ഉള്ള എന്നെ എങ്ങിനെ കണ്ടു പിടിക്കാനാണ്. അങ്ങിനെ അദ്ദേഹം ബാംഗ്ലൂരില്‍ ഉള്ള അന്‍സാബിനെയും സകീറിനെയും വിവരം അറിയിച്ചു. എന്റെ സുഹൃത്തുക്കളെ അറിയാമായിരുന്ന അന്‍സാബ് അവരെയും വിവരം അറിയിച്ചു. അങ്ങിനെ എല്ലാരും കൂടി അന്വേഷണം തുടങ്ങി. എവിടെയെന്ന് വച്ചാണ് അന്വേഷിക്കുക. ഞങ്ങളുടെ ഒരു ക്ളാസ്മേറ്റ് BSNL ഇല്‍ ആണ് ജോലി ചെയ്യുന്നത്. അവനെ വിളിച്ചു കാര്യം പറഞ്ഞു. എന്റെ ഫോണ്‍ VODAFONE ആയതിനാല്‍ അവനു ഒന്നും ചെയ്യാനാവില്ലെന്ന് അവന്‍ പറഞ്ഞു. പിന്നെ ഞങ്ങളുടെ ഡല്‍ഹിയില്‍ ഉള്ള സുഹൃത്ത് വഴി VODAFONE ഇല്‍ ജോലി ചെയ്യുന്ന ഒരാളുടെ സഹായം തേടി. ആദ്യമൊക്കെ നമ്പര്‍ ട്രാക്ക് ചെയ്യാന്‍ പോലീസില്‍ അറിയിക്കണം എന്നൊക്കെ പറഞ്ഞെങ്കിലും അവസാനം എന്റെ സുഹൃത്തുക്കളുടെ വിഷമ സ്ഥിതി കണ്ടു അയാള്‍ സഹായിച്ചു. സ്വിച്ച് ഓഫ് ആകുമ്പോള്‍ ഞാന്‍ ബനശങ്കേരി സെക്കന്റ് സ്റ്റേജില്‍ ആയിരുന്നു. അവര്‍ കണ്ണില്‍ കണ്ട നമ്പരുകളില്‍ ഒക്കെ വിളിച്ചു അന്വേഷിച്ചു. എന്റെ ലാപ്‌ടോപും ഡയറിയും ഒക്കെ തുറന്നു കിട്ടിയ ഫോണ്‍ നമ്പറില്‍ ഒക്കെ വിളിച്ചന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. ഇങ്ങനെ ഫോണ്‍ വിളികള്‍ തുടരുമ്പോള്‍ ആണ് ഞാന്‍ കയറി ചെല്ലുന്നത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. എന്റെ അദ്ഭുതം അതല്ല. ഇങ്ങനെ ആരെയെങ്ങിലും വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍ ഫോണ്‍ തിരിച്ചു തരുമ്പോള്‍ എന്റെ സഹയാത്രികനായ ആ കോന്തന് എന്നോട് പറഞ്ഞൂടെ. ചെറ്റ.
ഒരു ചെറിയ ഉറക്കം ഇത്രയും വല്യ സംഭവം ഉണ്ടാക്കിയത് ഓര്‍ത്ത് ഞാന്‍ ഉള്ളില്‍ ചിരിക്കുമ്പോള്‍ ഒരു വലിയ ഉറക്കത്തിന്റെ കഥ എനിക്കോര്‍മ വന്നു. ഈ കഥയും ബാംഗ്ലൂരില്‍ വച്ചാണ് സംഭവിച്ചത്. ഒരു ജോലി അവശ്യം കഴിഞ്ഞു വൈകുന്നേരം ഒരു അഞ്ചു മണിക്ക് മജെസ്റികില്‍ നിന്ന് മടിവാളയിലേക്ക് ഞാന്‍ 356 ബസില്‍ കയറി. ബസില്‍ ഉറങ്ങി പോയ ഞാന്‍ മടിവാള ഇറങ്ങുന്നതിനു പകരം അവസാന സ്റ്റോപ്പ് ആയ ചന്ദാപുര ആണ് ഇറങ്ങിയത് . ഓ സാരമില്ല. ഒരു ഉറക്കമൊക്കെ സാധാരണമാണ്. തിരിച്ചു മടിവാളയിലേക്ക് കയറിയാല്‍ പോരേ. സമയം ആറര കഴിഞ്ഞിരുന്നു. ഞാന്‍ അവിടെ നിന്ന് തിരിച്ചു ഒരു മജെസ്റിക് ബസ് പിടിച്ചു. ഇത്തവണയും ഉറക്കം കാരണം മടിവാള ഇറങ്ങാന്‍ പറ്റിയില്ല. പക്ഷെ അവസാന സ്റ്റോപ്പ് ആയ മജെസ്റിക് എത്തുന്നതിനു മുന്‍പ് ഞാന്‍ ഉണര്‍ന്നു. സ്ഥലം കോര്‍പറേഷന്‍ സര്‍ക്കിള്‍ . സമയം എട്ട് . ഇനിയും എനിക്ക് വയ്യ. ഞാന്‍ BTM ലേയൌട്ട് ലാസ്റ്റ് സ്റ്റോപ്പ് ആയിട്ടുള്ള 25A ബസ് കാത്ത് നിന്ന് അതില്‍ കയറി. വിചാരിച്ച പോലെ തന്നെ അതിലും ഞാന്‍ ഉറങ്ങി പോയെങ്ങിലും എന്റെ സ്റ്റോപ്പ് അവസാനത്തെതായത് കാരണം തെറ്റിയില്ല. അങ്ങിനെ ഏഴു മണിക്ക് മുന്‍പ് റൂമില്‍ എത്തേണ്ട ഞാന്‍ ഒന്‍പതു മണിക്ക് റൂമില്‍ എത്തി.
വീണ്ടും ഉറക്കം.
No comments:
Post a Comment