"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Saturday, September 19, 2015

ശങ്ക

രാത്രി പത്ത് മണിയാവുന്നു. മടിവാളയിൽ പ്രൈവറ്റ് ബസുകൾ നിർത്തുന്നിടത്ത് നാട്ടിലേക്കുള്ള കെ.പി.ട്രാവൽസ് ബസ്‌ കാത്ത് നിക്കുകയായിരുന്നു ഞാൻ. നാട്ടിലേക്ക് ബസിൽ ആണ് യാത്രയെങ്കിൽ രാത്രി ഞാൻ കാര്യമായിട്ട് ഒന്നും കഴിക്കാറില്ല. ഒരു പഴമോ ബിസ്കറ്റൊ വാങ്ങി കഴിക്കാറാണ് പതിവ്. വയറിന് വല്ല പ്രശ്നവും പറ്റിയാൽ കുടുങ്ങി പോകില്ലേ. പല ബസുകൾ വന്ന് ആളുകളെ കയറ്റി പൊയ്ക്കൊണ്ടിരുന്നു. ഞാൻ അടുത്തുള്ള കടയിൽ നിന്ന് ഒരു പഴം വാങ്ങി അവിടെ വന്നു പോയ്ക്കൊണ്ടിരുന്ന പെണ്‍പിള്ളേരുടെ എണ്ണമെടുക്കാൻ തുടങ്ങി.

അപ്പോഴാണ്‌ ദൂരെ നിന്നിരുന്ന ചില വായ്നോക്കി എമ്പോക്കി ആണ്‍പിള്ളേർ എന്റെ പുറകിലേക്ക് ദൂരെ നോക്കി അദ്ഭുതത്തോടെ എന്തൊക്കെയോ തമ്മിൽ പറയുന്നത് ഞാൻ ശ്രദ്ധിച്ചത്. എന്താണെന്നറിയാൻ ഞാൻ തിരിഞ്ഞു. ഒരു കൂട്ടം പെണ്‍പിള്ളേർ നടന്നു വരുന്നുണ്ട്. അവരും ഏതോ ബസ്‌ കയറാൻ ആണ്. ബാഗുകൾ ഒക്കെ കയ്യിൽ ഉണ്ട്. എല്ലാരും സുന്ദരികൾ. നടുവിൽ നടന്നിരുന്ന ഉയരം കുറഞ്ഞ കുട്ടി പക്ഷെ അതിസുന്ദരി ആയിരുന്നു. ആ കുട്ടി ഇറുക്കമുള്ള ജീൻസും അയഞ്ഞ ടി-ഷർട്ടും ധരിച്ചിരുന്നു. അവർ എന്നെ കടന്നു പോയപ്പോൾ ആണ് ഞാൻ ആ കുട്ടിയുടെ മുടി ശ്രദ്ധിച്ചത്. നീലിഭ്രംഗാദി എണ്ണയുടെ കവറിൽ ഉള്ള പെണ്ണിന്റെ ചിത്രം പോലെ അരക്കെട്ടും കടന്ന് മുട്ടിനടുത്തു വരെ വന്നു നിന്നിരുന്നു നിതംബിയായ ആ കുട്ടിയുടെ അഴിച്ചിട്ട മുടി. അവിടെ ഉണ്ടായിരുന്ന ഒട്ടുമിക്ക ആണ്‍ ജന്മങ്ങളുടെയും ശ്രദ്ധ അതോടെ അങ്ങോട്ടായി.

അവസാനം ബസ്‌ വന്നു. എന്റെ ഉന്മേഷം കൂട്ടിക്കൊണ്ട് ആ കുട്ടി എന്റെ ബസിൽ തന്നെ കയറി. എന്റെ സീറ്റ്‌ ഇടത് ഭാഗത്ത്‌ ഏകദേശം നടുവിലായായിരുന്നു. വലത് ഭാഗത്ത് ഞാൻ ഇരുന്ന സീറ്റിന്റെ രണ്ട് സീറ്റ്‌ മുന്നിലായി ആയിരുന്നു അവളുടെ സീറ്റ്‌. ആ പെണ്‍പിള്ളേരെ ശരിക്ക് കാണാനായി എന്റെ വിൻഡോ സീറ്റ്‌ ഞാൻ ഐൽ സീറ്റിലെ ആളുമായി വച്ച് മാറി. അവരുടെ കലപിലയും കളികളും കുറച്ചു നേരം കണ്ടു നിന്നതിന് ശേഷം ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.  ഇനി രാത്രി ബന്ദിപൂർ കാട് വഴി പോകുമ്പോൾ എഴുന്നേറ്റ് വല്ല മൃഗങ്ങളെയും കാണുമോ എന്ന് നോക്കണം.

വല്യ ബഹളം കേട്ടാണ് ഞാൻ ഉണർന്നത്. ബസ്‌ എവിടെയോ നിർത്തിയിട്ടിരിക്കുന്നു. ഒരു ചായക്കടയുടെ മുന്നിലാണ്. മറ്റൊന്നും തന്നെ ചുറ്റുവട്ടത്തൊന്നും കാണാനില്ല. കാടിനകത്താണെന്ന് തോന്നുന്നു. ഗുണ്ടൽപെട്ട് എന്ന സ്ഥലമാവണം. പുറത്ത് ചില ആണുങ്ങൾ ഇറങ്ങിയിട്ടുണ്ട്. കുറച്ച് പേർ ചായ കുടിക്കുന്നു. കുറച്ചു പേർ അവിടെയും ഇവിടെയും ഒക്കെ നിന്ന് മൂത്രമൊഴിക്കുന്നു. മൂത്രമൊഴിക്കുന്നതിന് പലർക്കും പല സ്റ്റൈൽ ആണ്. ചിലർ സിപ്‌ മാത്രം തുറന്ന് ഒഴിക്കുന്നു. ചിലർ  ബട്ടണും കൂടി ഊരി പാൻറ് കുറച്ച് താഴ്ത്തി വച്ച് ഒഴിക്കുന്നു. ഒരു താളത്തിൽ ചന്തി ആട്ടി മൂത്രമൊഴിക്കുന്നവരും ഉണ്ട്. പോൾ വോൾട്ടിൽ സ്വന്തം റെക്കോർഡ്‌ തിരുത്തിക്കുറിക്കാൻ ശ്രമിക്കുന്ന ഇസിൻബയേവയെപ്പോലെ അവിടെ ഒരു മതിലിനു മേലെ അവർ ഒഴിച്ച ഉയരം തിരുത്തിക്കുറിക്കാൻ ശ്രമിക്കുന്നവർ വേറെ. ഇതൊക്കെ കണ്ട് എനിക്കും ഒന്ന് മൂത്രമൊഴിക്കാൻ മുട്ടി. ഞാനും പുറത്തേക്കിറങ്ങി.

പോകാറായി എന്നറിയിച്ച് ഡ്രൈവർ ഹോർണ്‍ മുഴക്കി. ഞാൻ അകത്തേക്ക് കയറി. പോകുന്ന വഴിക്ക് പെണ്‍പിള്ളേരുടെ സീറ്റിലേക്ക് ഒന്ന് കണ്ണോടിച്ചു. നമ്മുടെ സുന്ദരിക്കുട്ടി മാത്രം എഴുന്നേറ്റിരിപ്പുണ്ട്. ബാക്കി എല്ലാരും ഉറക്കമാണ്. അവളുടെ മുഖത്തൊരു ഉത്ക്കണ്‍ഠ നിഴലിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ പുറത്തേക്ക് അങ്ങടും ഇങ്ങടും നോക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. വണ്ടി മുന്നോട്ടു നീങ്ങി തുടങ്ങി. മറ്റു സീറ്റുകളിലെ ആരവങ്ങൾ അടങ്ങി ഉറക്കമായി. അവൾ ഉറങ്ങുന്നതായി കണ്ടില്ല. എന്താണെന്നറിയാൻ ഞാൻ എഴുന്നേറ്റിരുന്നു.

അര മണിക്കൂറോളം കഴിഞ്ഞ് അവൾ മറ്റ് പെണ്‍പിള്ളേരെ വിളിച്ചുണർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. അവർ തമ്മിൽ സംസാരിച്ച് അതിൽ ഒരാൾ ഡ്രൈവറുടെ അടുത്തു പോയി. ബസ്‌ പൊടുന്നനെ നിന്നു. ഇപ്പോഴും കാട്ട് വഴി ആണ്. ചുറ്റുവട്ടത്ത് ഒന്നും തന്നെ കാണാൻ ഇല്ല. പെണ്‍പട ഒരുമിച്ചിറങ്ങി. അവർ ഒരുമിച്ച് ദൂരേക്ക്‌ നടന്നു. വണ്ടിയുടെ വെളിച്ചം എത്താവുന്നതിലും ദൂരേക്ക്. ഇപ്പോൾ ബസിൽ നിന്ന് നോക്കുന്നവർക്ക് ഒരോർത്തരെ വേറെ വേറെ തിരിച്ചറിയാൻ പോലും സാധിക്കാത്ത ദൂരത്തിലാണ്. അവരിൽ അഞ്ചു പേർ നിരന്ന് നിന്ന് ഒരു മറ സൃഷ്ടിച്ചു. ആറാമത്തവൾ ആ അഞ്ചു പേരുടെ മറ ഉപയോഗിച്ച് കാര്യം സാധിച്ചു.

അവർ തിരിച്ചു വരുന്നതും നോക്കി ഇപ്പോൾ ബസിൽ എല്ലാരും എഴുന്നേറ്റിരിപ്പുണ്ട്. എല്ലാവരും ജനലിനുള്ളിലൂടെ അവരെ തീക്ഷ്ണമായി നോക്കുകയാണ്. എല്ലാവർക്കും പെട്ടെന്നൊരു ശുഷ്കാന്തി. പെണ്‍പട തിരിച്ചു കയറി. അവരിൽ ആർക്കായിരുന്നു ശങ്ക എന്ന് മറ്റാർക്കും മനസ്സിലായില്ല. എന്നാൽ ആ സുന്ദരിക്കുട്ടിയുടെ മുഖത്ത് ഞാൻ കണ്ട വേവലാതി ആർക്കാണ് ശങ്ക എന്ന് എന്നോട് പറഞ്ഞു. അവളെ പോലെ തന്നെ ഇറുകിയ ജീൻസ് തന്നെയായിരുന്നു ഞാനും ധരിച്ചിരുന്നത്. എന്നാലും എനിക്ക് ഒന്ന് മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ഇറങ്ങി പോയി കാര്യം സാധിക്കാൻ എനിക്ക് പറ്റി. ശ്രദ്ധയൊന്നും ആകർഷിക്കാതെ തന്നെ. ഇരിക്കാതെ നേരെ നിന്ന് കൊണ്ട്. അതും വെറും സിപ്‌ മാത്രം തുറന്ന്. എന്നാൽ അവൾക്കോ?

My Expeditions

Popular Posts