ഇപ്പഴേ വൈകി. ഞാന്‍ ഓട്ടോറിക്ഷയില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഇറങ്ങിയില്ല. അപ്പോഴേക്കും ഒരു അനൌണ്സ്മെന്റ് - "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിന്‍ നമ്പര്‍ 6307, ആലപ്പുഴയില്‍ നിന്നും കണ്ണൂര്‍ വരെ പോകുന്ന എക്സ്പ്രസ്സ് അര മണിക്കൂര്‍ വൈകി ഓടുന്നു". നമ്മുടെ ഇന്ത്യന്‍ റെയില്‍വെയ്സേ. ഞാന്‍ ടിക്കറ്റ് എടുത്ത് പ്ളാറ്റ്ഫോമില്‍ കയറി. അറിയുന്ന ആരെങ്കിലും ഉണ്ടോ എന്ന് എന്റെ കണ്ണുകള്‍ തിരഞ്ഞു. ആരെയും കാണുന്നില്ല. രണ്ടാമത്തെ പ്ളാറ്റ്ഫോമില്‍ ആണ് എന്റെ വണ്ടി വരുന്നത്. ഒന്നും കഴിച്ചിട്ടില്ല. വീട്ടില്‍ എത്തിയിട്ട് കഴിക്കാം എന്നാ വിചാരം. അമ്മയെന്തെങ്കിലും ഉണ്ടാക്കി വച്ചു കാണുമല്ലോ. ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസ് ഇന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലേക്ക് ഞാന്‍ വീണ്ടും ഊളിയിട്ടു.
ട്രെയിന്‍ വന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസിനെ അടച്ചു വച്ച് ഞാന്‍ ഒരു തിരക്കില്ലാത്ത കമ്പാര്‍ട്ട്മെന്റ് നോക്കി കയറി. സീറ്റ് ഇല്ല. പക്ഷെ മേലെ ലഗ്ഗേജ് വക്കുന്നിടത്ത് സ്ഥലമുണ്ട്. ഒരു ഉറക്കം ലക്ഷ്യമിട്ട് കൊണ്ട് ഞാന്‍ ലഗ്ഗേജ് വെക്കുന്നിടത്തെക്ക് കയറി. താഴെ നാല് പേര്‍ ചീട്ടു നിരത്തി കഴിഞ്ഞു. അതിലൊരാള്‍ പറഞ്ഞു - "ഇന്ന് കാശുള്ളവര്‍ മാത്രം കളിച്ചാല്‍ മതി. കടമില്ല". അവര്‍ക്കൊരു ടൈംപാസ് .
എപ്പോഴാണ് ഉറങ്ങി പോയതെന്നറിയില്ല. ഒരു ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. താഴെ ചീട്ടു കളിക്കാരെ കാണാനില്ല. തൊട്ടപ്പുറത്ത് ഒരു കൂട്ടം പിള്ളേര്‍ ആണ് ഈ ബഹളം ഉണ്ടാക്കുന്നത്. അവരെന്തോ കോളേജ് കഥകള്‍ പറയുകയാണ്. അവരും എന്നെ പോലെ കോളേജ് വിദ്യാര്‍ഥികള്‍ . അവര്‍ക്ക് സുഹൃത്തുക്കളോട് എന്തൊക്കെ കഥകള്‍ പറയാനുണ്ടാവും. ഞാനും ആഗ്രഹിച്ചു. ആരെങ്കിലുമൊക്കെ എന്റെ കൂടെയും ഉണ്ടായിരുന്നെങ്കില്‍ സമയം പോകുമായിരുന്നു.
താഴെ ജനലിനടുത്ത് ഒരാള്‍ ഇരിക്കുന്നു. അയാള്‍ക്ക് ഇടയ്ക്കിടയ്ക്ക് ഫോണ്‍ വരുന്നുണ്ട്. ഇതു മൊബൈല്‍ യുഗമല്ലേ. എല്ലാം ചെറുത് - മൊബൈല്‍ . അയാള്‍ ആരോടോ സംസാരിക്കുന്നുണ്ട് - " ആ മരുന്ന് തന്നെ കൊടുത്താല്‍ മതി. ശരിയായിക്കോളും". അയാള്‍ ഒരു ഡോക്ടറോ കെമിസ്റോ ആയിരിക്കണം, ഞാന്‍ ഊഹിച്ചു. അയാള്‍ക്കിങ്ങനെ ഫോണ്‍ വന്നുകൊണ്ടിരിക്കുകയാണ്. അയാള്‍ വല്ല പ്രശസ്തനുമാണോ?
തൊട്ടടുത്ത് ഒരാള്‍ ചുരുണ്ട്കൂടിയിരിക്കുന്നു. അയാളുടെ കയ്യില്‍ എന്തോ ഉണ്ട്. ഒരു വാരികയാണെന്ന് തോന്നുന്നു. അയാള്‍ അത് വായിക്കുകയാണ്. വായിക്കുന്നത് അയാള്‍ക്കുവേണ്ടി മാത്രമാണെങ്കിലും ചുറ്റുവട്ടത്തിരിക്കുന്നവര്‍ക്ക് മുഴുവന്‍ അത് കേള്‍കാം. അതിലെ തമാശകള്‍ വായിച്ചയാള്‍ പൊട്ടിച്ചിരിക്കുകയാണ് . പുറത്തില്ലെങ്കിലും ചുറ്റുവട്ടത്തിരിക്കുന്നവരും ഇതു കണ്ട് പൊട്ടിച്ചിരിക്കുകയാണ് മനസ്സില്‍ . അയാള്‍ ഒരു നിഷ്കളങ്കനാണെന്ന് എനിക്ക് തോന്നുന്നു. ആരെയും ശ്രദ്ധിക്കാതെ അയാള്‍ വായന തുടരുകയാണ്.
ജനലിന്റെ ഷട്ടറുകള്‍ വീഴുന്ന ശബ്ദം കേട്ടു. പുറത്തു ഭയങ്കര മഴയാണ്. ഈ സമയം താഴെ നിന്നു - "ഞാന്‍ അപ്പഴേ വിചാരിച്ചു ഇന്ന് മഴ പെയ്യുമെന്ന്". മറ്റൊരാള്‍ - "അള്ളാ, ഞമ്മളേല് കൊടയില്ലല്ലാ. ഞമ്മളെങ്ങിനെ പൊരേലെത്തും?". പുറത്ത് മഴ മാത്രമല്ല, നല്ല ഇടിയും മിന്നലും. ഞാനും ആലോചിച്ചു. ഞാന്‍ എങ്ങിനെ വീട്ടിലെത്തും?
അപ്പുറത്ത് ഒരു പ്രായമുള്ളയാള്‍ മറ്റുള്ളവരുമായി ഉറക്കെ എന്തോ ചര്‍ച്ച ചെയ്യുകയാണ്. അയാളുടെ സംസാരത്തില്‍ നിന്നു അയാള്‍ ഒരു കര്‍ഷകനാണെന്ന് മനസ്സിലായി. അയാളുടെ കൃഷിയുടെ പരാജയവും കാര്‍ഷിക ലോണും എല്ലാം അയാളെ സമ്മര്‍ദത്തില്‍ ആഴ്ത്തിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അത് കാരണമാണെന്ന് തോന്നുന്നു. അയാള്‍ സംസാരിക്കുന്നതിനു ഒരു സ്ഥിരബന്ധം ഉണ്ടായിരുന്നില്ല. അത്കൊണ്ട് തന്നെ മറ്റുള്ളവര്‍ അയാളെ കളിയാക്കുകയായിരുന്നു. അയാളുടെ എല്ലാ വാക്കുകള്‍കും കളിയാക്കുന്ന രീതിയില്‍ അവര്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നു. അത് മനസ്സിലാക്കാതെ അയാള്‍ തുടര്‍ന് സംസാരിച്ചുകൊണ്ടിരുന്നു.
"നെല്‍കൃഷിയെക്കാളുമൊക്കെ എത്രയോ ഭേദം കുറച്ചു വാഴ വെക്കുന്നതാണ്"
"അതെയോ. നാളെ തന്നെ വച്ചാലോ?"
"റബ്ബറും വാനിലയും ഒക്കെ ആണല്ലോ ഇപ്പൊ പ്രിയം"
"ചേട്ടന്റെ കൃഷി വെട്ടിക്കളഞ്ഞു അത് വച്ചുടെ?"
അയാള്‍ പറയുന്നതിലും കാര്യമുണ്ടെന്നു എനിക്ക് തോന്നി. ഒരു കൃഷി പോയാല്‍ മതിയല്ലോ. എത്ര വാര്‍ത്തകളാണ് പത്രങ്ങളില്‍ കാണുന്നത്. തന്നെ കളിയാക്കുകയാണെന്നു വഴിയെ മനസ്സിലായ അയാള്‍ പൊട്ടിത്തെറിച്ചു.
"ഇത്ര പ്രായമായിട്ടും പ്രശ്നങ്ങളുണ്ടായിട്ടും ഞാന്‍ ജോലി ചെയ്തു തന്നെയാ ജീവിക്കുന്നത്. ആരുടെ മുന്‍പിലും കൈ നീട്ടുന്നില്ല. ഒരു എസി മുറിയിലിരുന്നു ജോലി ചെയ്ത് എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളം വാങ്ങുന്ന നിങ്ങള്‍ക്ക് മനസ്സിലാവില്ല. എന്റെ അവസ്ഥ നിങ്ങള്‍ക്ക് വരാതിരിക്കട്ടെ"
ഇതോടെ ചുറ്റുമുള്ളവര്‍ നിശ്ശബ്ദരായി.
പെട്ടെന്ന് എന്റെ ശ്രദ്ധ വാരിക വായിക്കുന്നയാളിന്റെ അടുത്ത് മുട്ടിയുരുമ്മിയിരിക്കുന്ന ജോടികളുടെ മേലെ പതിഞ്ഞു. ഒരാണും ഒരു പെണ്ണും. കല്യാണം കഴിക്കാനുള്ള പ്രായമായിട്ടില്ല. അവരും എന്നെപോലെ വിദ്യാര്‍ഥികള്‍ ആയിരിക്കും. അവരുടെ മുഖത്തൊരു പുഞ്ചിരിയുണ്ട്. പാല്‍പുഞ്ചിരി. അവര്‍ തമ്മില്‍ എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്. ലൈന്‍ ആണെന്നുറപ്പ്. എനിക്കോ ലൈന്‍ ഒന്നുമില്ല. ഇനി ആരെങ്കിലും ഉണ്ടാകുമോ എന്നും അറിയില്ല. ആരെയെങ്കിലും പ്രേമിക്കണം എന്നാഗ്രഹമില്ലാഞ്ഞിട്ടല്ല. ആരെങ്കിലും എന്നെ പ്രേമിക്കണ്ടേ...
സമയം പോകാന്‍ വേണ്ടി ഞാന്‍ പുസ്തകം എടുത്ത് വായിച്ചു തുടങ്ങി. പെട്ടെന്ന് വമ്പന്‍ ശബ്ദത്തോടെ വണ്ടി നിന്നു. ഞാന്‍ താഴെ ഇറങ്ങി. എന്തായാലും ഒരു സ്റ്റേഷനില്‍ അല്ല വണ്ടി നിന്നത്. ഞാന്‍ ഡോറിന്റെ അടുത്ത് പോയി പുറത്തേക്കു നോക്കി. ഒരു പുഴയുടെ മേലെ ആണ് നിക്കുന്നത്. പെട്ടെന്ന് മുന്‍പില്‍ നിന്നൊരു നിലവിളി. ഞാന്‍ മുന്‍പോട്ടു എത്തിച്ചു നോക്കി. ഞാന്‍ ഞെട്ടി. ഞങ്ങളുടെ ബോഗിക്ക് രണ്ടെണ്ണം മുന്നോട്ടു മുതല്‍ എല്ലാ ബോഗികളും പാളം തെറ്റിയിരിക്കുന്നു. വണ്ടി നില്കുന്നത് കടലുണ്ടി പാലത്തിനു മുകളിലാണ്. പാളം തെറ്റിയ ബോഗികളില്‍ മൂന്നെണ്ണം വെള്ളത്തിലാണ്. രണ്ടെണ്ണം പാലത്തില്‍ നിന്നും തൂങ്ങി നിക്കുന്നു. അതിന്റെ തൂക്കം മൂലം ബാക്കി ഉള്ള ബോഗികളും വീഴുമെന്നു എനിക്ക് തോന്നി. കാര്യമാരിഞ്ഞു ഞങ്ങളുടെ ബോഗിയില്‍ നിന്നൊരു കൂട്ട നിലവിളി ഉയര്‍ന്നു.
ഞാന്‍ വെള്ളത്തിലേക്ക് നോക്കി. മഴ മൂലം ഒഴുക്ക് വളരെ കൂടുതലാണ്. അടിയൊഴുക്കും വളരെ അധികം ഉണ്ടായിരിക്കും. കുറെ പേര്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുന്നു. വേറെ ഉപായമൊന്നുമില്ല. ബോഗി ഇപ്പോള്‍ വീഴും എന്ന സ്ഥിതിയാണ്. രക്ഷപ്പെടാന്‍ ഉന്തും തള്ളുമായി. ഞാന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി. വിചാരിച്ച പോലെ തന്നെ നല്ല ഒഴുക്കുണ്ട്. സ്വിമ്മിംഗ് പൂളില്‍ പഠിച്ച നീന്തല്‍ അതികം ഉപകാരപ്പെട്ടില്ല. സംസ്ഥാന തല നീന്തലില്‍ പങ്കെടുത്ത വ്യക്തിയായിട്ടു പോലും മുങ്ങിയും പൊന്തിയും ഏകദേശം നീങ്ങാനെ സാധിച്ചുള്ളൂ. ദേശാടനപക്ഷികള്‍ വന്നിരിക്കുന്ന മണല്‍തിട്ടയിലേക്ക് ഞാന്‍ എങ്ങിനെയോ നീന്തിക്കയറി.
ഞാന്‍ പാലത്തിലേക്ക് നോക്കി. ഞാന്‍ കയറിയിരുന്ന ബോഗി മറിഞ്ഞെന്നു തോന്നുന്നു. വീഴാത്ത ബോഗിയില്‍ നിന്നും ആള്‍കാര്‍ പാലത്തിലേക്കും പുഴയിലേക്കും എടുത്ത് ചാടുകയാണ്. ഞാന്‍ വെള്ളത്തിലേക്ക് നോക്കി. സാധനങ്ങളും മനുഷ്യരും ഒഴുകി നടക്കുന്നു. പെട്ടെന്ന് ആ കര്‍ഷകന്‍ നീന്തി മണല്‍ തിട്ടയിലേക്ക് വന്നു. അയാളെ പിടിച്ചു കയറ്റാന്‍ ഞാന്‍ കൈ നീട്ടി. പക്ഷെ എന്റെ കയ്യില്‍ ഒരു കൊച്ചു കുട്ടിയെ തന്നിട്ട് അയാള്‍ വീണ്ടും എടുത്ത് ചാടി. അയാളാണ് കുറെ പേരെ രക്ഷിച്ചത്. തന്നെ കളിയാക്കിയ ഒരാളെയെങ്കിലും അയാള്‍ രക്ഷിചിട്ടുണ്ടാവില്ലേ.
ശബ്ദം കേട്ടു നാട്ടുകാര്‍ തടിച്ചു കൂടി രക്ഷാപ്രവര്‍ത്തനം തുടങ്ങി. പക്ഷെ മഴയും വെളിച്ചക്കുറവും പ്രതികൂലമായി ഭവിച്ചു. മൊത്തം 56 പേരാണ് ആ അപകടത്തില്‍ മരിച്ചത്. ഞാനും അതില്‍ മരിക്കേണ്ടാതായിരുന്നില്ലേ. ദൈവം എന്നെ മരണത്തിനു വിട്ടു കൊടുത്തില്ല. എന്തിനു?
Wow! what an experience sir jee...
ReplyDelete:D good
ReplyDeletegood story...way to go rajeev!!!
ReplyDeleteThank You
Delete