അന്ന് എന്റെ ചേട്ടന്റെ പിറന്നാള്‍ ആയിരുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന എന്റെ ചേട്ടനെ ആദ്യം കൂട്ടി ഉച്ചക്ക് എന്നെ കൂട്ടാന്‍ വരാമെന്നാണ് അച്ഛനും അമ്മയും പറഞ്ഞേക്കുന്നത്. പിറന്നാള്‍ ബിരിയാണി അടിക്കാന്‍ . ഞാന്‍ രണ്ടാം ക്ളാസ്സില്‍ ആണ് പഠിക്കുന്നത്. എല്ലാ ദിവസത്തേം പോലെ അന്ന് ഉച്ചക്ക് ഞാന്‍ ഊഞ്ഞാലാടാനോ തൊട്ടു കളിക്കാനോ പോയില്ല. ലഞ്ച് ബ്രേക്ക് ആയ ഉടനെ തന്നെ ഗേറ്റിന്റെ അടുത്തേക്ക് ഓടി. അവര്‍ എത്തിയിട്ടില്ല. ഗേറ്റിന്റെ അടുത്ത് റോഡിലേക്ക് നോക്കി ഇരിക്കാന്‍ പറ്റിയ ഒരു കരിങ്കല്ലില്‍ ഞാന്‍ ഇരുന്നു.
ലഞ്ച് ബ്രേക്ക് തുടങ്ങി പത്തു മിനിറ്റ് ആയിട്ടും അവര്‍ എത്തിയിട്ടില്ല. ബ്രേക്ക് ഇന് വിടുന്നതിനു മുന്‍പ് എത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. ഞാന്‍ തിരിഞ്ഞു നോക്കി. ഗ്രൗണ്ടില്‍ എന്റെ സുഹൃത്തുക്കള്‍ എല്ലാം തൊട്ടു കളി തുടങ്ങിയിരിക്കുന്നു. അങ്ങോട്ട് പോണോ??? വേണ്ട... അവര്‍ ഇപ്പൊ വരും... ബിരിയാണിയുടെ രുചി എന്റെ നാവില്‍ വന്നു. റോഡില്‍ പോകുന്ന വണ്ടികളെ എണ്ണി ഞാന്‍ ഇരുന്നു. അര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. അവര്‍ എവിടെ പോയതാ???
എന്റെ ഒരു സുഹൃത്ത് ജിതിന്‍ വന്നു എന്നെ കളിക്കാന്‍ വിളിച്ചു. "ഇല്ല. എന്റെ അമ്മ വരും. ഞങ്ങള്‍ പുറത്തു കഴിക്കാന്‍ പോണു....". ഇച്ചിരി ഗമ ഇരിക്കട്ടെ... അവനെ ശ്രദ്ധിക്കാതെ ഞാന്‍ വീണ്ടും റോഡിലേക്ക് നോക്കി. എത്ര വണ്ടികള്‍ എണ്ണി എന്ന് ഓര്‍മയില്ല. ബോര്‍ അടിക്കുന്നു. തൊട്ടടുത്തുണ്ടായിരുന്ന ഉദ്യാനത്തില്‍ പൂമ്പാറ്റകള്‍ പാറി കളിക്കുന്നുണ്ട്. അങ്ങോട്ട് പോയി അതിനെ കുറച്ചു നേരം ഓടിച്ചു. ദേ കുഴിയാന. കുഴിയാനയെ കുഴിയില്‍ നിന്ന് തോണ്ടി പുറത്തിട്ടു ഒരു മണ്‍ കൂനയില്‍ നിര്‍ത്തി. അത് വീണ്ടും കുഴിച്ചു മറ്റൊന്ന് ഉണ്ടാക്കുന്നത് നോക്കി നിന്നു.
ലഞ്ച് ബ്രേക്ക് ഇന്റെ സമയം തീരാറായി. അവര്‍ ഇതു വരെ വന്നിട്ടില്ല. ഞാന്‍ കരയാന്‍ തുടങ്ങി. ബെല്‍ അടിച്ചു. ലഞ്ച് ബ്രേക്ക് കഴിഞ്ഞിരിക്കുന്നു. അവര്‍ ചേട്ടനെ മാത്രം കൂടി കഴിക്കാന്‍ പോയി. എന്നെ കൂട്ടിയില്ല. എനിക്ക് അച്ഛനോടും അമ്മയോടും എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ദുഃഖം സഹിക്കാന്‍ വയ്യാതെ ഞാന്‍ വാവിട്ടു കരയാന്‍ തുടങ്ങി. ഗേറ്റിന്റെ അടുത്തിരുന്നു ഒറ്റയ്ക്ക് കരയുന്ന എന്നെ ഹെഡ് മാസ്റ്റര്‍ എടശ്ശേരി ഫാദര്‍ കണ്ടു. കാര്യങ്ങള്‍ ആരാഞ്ഞു. അപ്പോളുണ്ട് അമ്മയും അച്ഛനും വരുന്നു. അമ്മ ഓടി വന്നു എന്നെ വാരി എടുത്തു കെട്ടിപ്പിടിക്കുകയാണ് ഉണ്ടായത്.
അവരുടെ കൂടെ ചേട്ടന്‍ ഇല്ല. അച്ഛനും അമ്മയും കൂടെ എന്നെ എടുത്തു ഉദ്യാനത്തില്‍ ഒരു സീറ്റില്‍ ഇരുത്തി കുറെ ഉമ്മകള്‍ തന്നു. അത്രെയും സ്നേഹത്തോടെ അതിനു ശേഷം ഇതു വരെ എനിക്കങ്ങനെ ഉമ്മകള്‍ കിട്ടിയിട്ടില്ല. സംഭവിച്ചത് എന്താണെന്ന് വച്ചാല്‍ അച്ഛനും അമ്മയും ചേട്ടനേം കൂട്ടി വരുമ്പോള്‍ അച്ഛന്റെ VIJAY SUPER വണ്ടി കേടായി. അത് നന്നാക്കാന്‍ കൊടുത്തിട്ട്, തൊട്ടടുത്ത കടയില്‍ നിന്നു ചേട്ടന് ഊണ് വാങ്ങിച്ചു കൊടുത്തു. വണ്ടി നന്നാക്കി കിട്ടിയതിനു ശേഷം ബിരിയാണി വാങ്ങിച്ചു എനിക്ക് തരാന്‍ വന്നതാണ് അവര്‍ . എടശ്ശേരി ഫാദര്‍ എനിക്ക് ഊണ് കഴിക്കാന്‍ കുറച്ചു സമയം അനുവദിച്ചു. അമ്മയും അച്ഛനും കൂടെ എനിക്ക് അന്ന് ചോറ് വാരി തരികയാണ് ചെയ്തത്. അത് പോലെ സന്തോഷിച്ച ദിവസം എന്റെ ജീവിതത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല. ഇനി ഉണ്ടാകുമോ??? നിങ്ങള്‍ കുറെ ദുഃഖം സഹിച്ചിട്ടുണ്ടോ??? ഒടുവില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും.
കര്‍ത്താവ് അരുള്‍ ചെയ്യുന്നു: "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗരാജ്യം അവരുടെതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് ആശ്വാസം ലഭിക്കും. സൌമ്യ ശീലര്‍ ഭാഗ്യവാന്മാര്‍, അവര്‍ ഭൂമിയെ അവകാശമാക്കും. നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ സംതൃപ്തരാകും. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ , അവര്‍ക്ക് കരുണ ലഭിക്കും. ഹൃദയ ശുദ്ധി ഉള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവപുത്രന്മാര്‍ എന്ന് വിളിക്കപ്പെടും. നീതിക്ക് വേണ്ടി പീടിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാണ് . "
മത്തായി 5 : 3-10