"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Sunday, June 10, 2012

ഒരു പാതിരാകൊലപാതകത്തിന്റെ കഥ

റിസര്‍വേഷന്‍ കണ്‍ഫേം ആയത് നന്നായി. അല്ലെങ്കില്‍ കുടുങ്ങിയേനെ. രാത്രി പത്ത്  മണിക്ക് ആലുവയില്‍ നിന്നുള്ള ഗാന്ധിധാം - നാഗര്‍കോവില്‍ എക്സ്പ്രസ്സിനാണ് ഞങ്ങള്‍ ബുക്ക്‌ ചെയ്തിട്ടുള്ളത്. ബുക്ക്‌  ചെയ്തപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റ് ആയിരുന്നു. ഞങ്ങളുടെ ബര്‍ത്തുകള്‍ കണ്‍ഫേം ആയ s7 കോച്ചിന് മുന്‍പില്‍ ഒരു ജാഥക്കുള്ള ആളുണ്ട്. അതില്‍ കുറച്ചു പേര്‍ ഇപ്പോളും  വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന കാര്യം അടക്കിപ്പിടിച്ച് പറയുന്നതും കേള്‍ക്കാം. വണ്ടി ശരിയായ സമയത്തിനു തന്നെ വന്നു. ഞങ്ങള്‍ക്ക് കമ്പാര്‍ട്ട്മെന്റിന്റെ ഏകദേശം നടുവിലായി രണ്ട് അപ്പര്‍ ബര്‍ത്തുകളും ഒരു മിഡില്‍ ബര്‍ത്തും ഒരു ലോവര്‍ ബര്‍ത്തും ആണ് കിട്ടിയത്. എന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു കൂതറ സുഹൃത്തുക്കള്‍ വണ്ടിയില്‍ കയറിയ ഉടന്‍ തന്നെ അപ്പര്‍ ബര്‍ത്തുകളില്‍ സ്ഥാനം പിടിച്ചു. മൂന്നാമന്‍ മിഡില്‍ ബര്‍ത്ത് വേണം എന്ന് നിര്‍ബന്ധം പറഞ്ഞപ്പോള്‍ ഞാന്‍ താഴത്തെ ബര്‍ത്തില്‍ കിടക്കാമെന്ന് സമ്മതിച്ചു.

വെയിറ്റിംഗ് ലിസ്റ്റ്  ആയ ആളുകള്‍ ടിക്കറ്റ്‌ ചെക്കറെ അന്വേഷിച്ച് തലങ്ങും വിലങ്ങും നടപ്പാണ്. എത്ര പെട്ടെന്ന് ബര്‍ത്ത് കണ്‍ഫേം ആകുന്നോ അത്രയും പെട്ടെന്ന് ഉറങ്ങാമല്ലോ. ലൈറ്റുകള്‍ ഒക്കെ അണഞ്ഞു തുടങ്ങിയിരുന്നു. പത്തു മിനിറ്റിനുള്ളില്‍ തന്നെ ടിക്കറ്റ്‌ ചെക്കര്‍ എത്തി. പുള്ളിയുടെ പുറകെ തന്നെ വെയിറ്റിംഗ് ലിസ്റ്റ്  ആളുകളുടെ ബഹളം. ടിക്കറ്റ്‌ ചെക്കര്‍ അവരോടായി പറഞ്ഞു - "നിങ്ങള്‍ എന്നെ ജോലിയെടുക്കാന്‍ അനുവദിക്കൂ. കണ്‍ഫേം ആയ ടിക്കറ്റുകള്‍ ചെക്ക്‌ ചെയ്താലേ എത്ര ഒഴിവുകളുണ്ടെന്ന് അറിയാന്‍ സാധിക്കൂ. ഒഴിവുകള്‍ക്കനുസരിച്ചേ നിങ്ങള്‍ക്ക് ബര്‍ത്ത് അനുവദിക്കാനാകൂ. s6 s7 കോച്ചുകളില്‍ മാത്രമേ ഒഴിവുകള്‍ ഉണ്ടാകൂ. എറണാകുളം കഴിഞ്ഞും ആളില്ലെങ്കില്‍ നിങ്ങള്‍ കയറി കിടന്നോളൂ. ഞാന്‍ വരുമ്പോള്‍ ചെക്ക്‌ ചെയ്തോളാം". ഇത് കേട്ടതോടെ ആളുകള്‍ പിരിഞ്ഞു പോയി. അവര്‍ ഇപ്പോള്‍ തന്നെ ഒഴിഞ്ഞ ബര്‍ത്തുകള്‍ അന്വേഷിക്കാന്‍ തുടങ്ങി. കിട്ടിയവര്‍ തത്കാലത്തേക്ക് സ്ഥാനം പിടിക്കുകയും ചെയ്തു. ഞങ്ങളുടെ ടിക്കറ്റ്‌ ചെക്ക്‌ ചെയ്തു കഴിഞ്ഞതോടെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

എറണാകുളം സ്റ്റേഷന്‍ എത്തിയപ്പോള്‍ തന്നെ ഉറക്കം ഞെട്ടി. അവിടുന്ന് ട്രെയിനില്‍ കയറുന്നവരുടെ ബഹളം. ആ ബഹളം ഒന്നടങ്ങി വണ്ടി ഓടി തുടങ്ങിയപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റ് കാരുടെ ബഹളം. എവിടെയെങ്കിലും ഒരു ഒഴിവു കണ്ടാല്‍ അപ്പൊ ചോദ്യമാണ് - "ഇവിടെ ആളുണ്ടോ?". മിഡില്‍ ബര്‍ത്തില്‍ കിടന്നിരുന്ന എന്റെ സുഹൃത്ത്‌ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ രണ്ട് മൂന്ന് പേര് വന്നു എന്നെ വിളിച്ചുണര്‍ത്തി ചോദിച്ചു. അവസാനം ഞാന്‍ ഒരു ബാഗ്‌ എടുത്ത് അവിടെ വച്ചു. പിന്നെ ചോദിക്കില്ലാലോ. ഒട്ടു മുക്കാല്‍ പേര്‍ക്കും ബര്‍ത്ത് കിട്ടിയെങ്കിലും പലര്‍ക്കും പലയിടത്തായാണ് കിട്ടിയത്. ഭര്‍ത്താവ് ഒരിടത്ത് ഭാര്യ വേറൊരിടത്ത് കുട്ടികള്‍ മറ്റൊരിടത്തും. ബന്ധുക്കാര്‍ എവിടെയാണെന്ന് അറിഞ്ഞ് വച്ച് എല്ലാവരും താന്താങ്കള്‍ക്ക് കിട്ടിയ സ്ഥലങ്ങളിലേക്ക്  പോയി. കോട്ടയം എത്തുന്നതിനു മുന്‍പ് തന്നെ ആ ബഹളവും അടങ്ങി. സമയം പാതിരാവാകാറായി കാണും. ഞാന്‍ ഉറക്കത്തിലേക്കു നീങ്ങി.

ഒരു സ്ത്രീയുടെ ബഹളം കേട്ട് ഞാന്‍ ഞെട്ടി എഴുന്നേറ്റു. കള്ളന്‍ കള്ളന്‍ എന്നാണ് അവര്‍ ഒച്ചയെടുക്കുന്നത്. എന്റെ വലത്ത് രണ്ടാമത്തെ ക്യുബിക്കളില്‍ നിന്നാണ്. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്. ഞാന്‍ എത്തിച്ചു നോക്കിയപ്പോള്‍ കുറേ പേര്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറങ്ങി ഓടുന്നത് കണ്ടു. സ്റ്റേഷന്‍ ഏതാണെന്ന്  ഞാന്‍ ജനല്‍ തുറന്നു നോക്കി. തിരുവല്ല. കാര്യമെന്താണെന്നറിയാന്‍ ഞാന്‍ ആ ഭാഗത്തേക്ക് ചെന്നു. തന്റെ പേഴ്സ് ആരോ പിടിച്ചു വലിക്കുന്നതായി തോന്നി ഞെട്ടി എഴുന്നേറ്റ ആ സ്ത്രീ ആരെയോ തന്റെ അടുത്ത് കാണുകയും ബഹളം വെക്കുകയും ആണുണ്ടായത്. കള്ളന്‍ പുറത്തേക്കോടുകയും അയാളെ പിടിക്കാനായി ചിലര്‍ പിറകെ ഓടുകയും ചെയ്തതാണ് ഞാന്‍ കണ്ടത്. ഈ ബഹളത്തിനിടയില്‍ പെട്ടെന്ന് വണ്ടി നീങ്ങി തുടങ്ങി. അവിടെ കൂടി നിന്ന ആളുകള്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. കള്ളനെ പിടിച്ചോ എന്ന് നോക്കാനായി ഞാനും പുറത്തേക്കിറങ്ങി.

രണ്ട്  കമ്പാര്‍ട്ട്മെന്റ്  അകലെ ആളും അനക്കവും കാണാം. ഞാന്‍ അങ്ങോട്ട്‌ ചെന്നു. ആളുകള്‍ കൂടി നില്‍ക്കുകയാണ്. ഞാന്‍ കള്ളനെ ഒരു നോക്ക് കാണാനായി നടുവില്‍ ഇടിച്ചു കയറി. നടുവില്‍ കിടക്കുന്നത് ഒരു 13-14 വയസ്സ് തോന്നിക്കുന്ന പയ്യനാണ്. ആളുകള്‍ അവനെ തല്ലി ചതച്ചിട്ടുണ്ട്. അവനെ ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സുഹൃത്ത്‌ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ബര്‍ത്തിന് വേണ്ടി എന്നെ വിളിച്ചുണര്‍ത്തിയവരില്‍ ഇവനും ഇവന്റെ അമ്മാവനും ഉണ്ടായിരുന്നു. ഭാഷ തമിഴ്  ആയിരുന്നു. ഇവന് s6 ഇല്‍ ആണ് അവസാനം ബര്‍ത്ത് കിട്ടിയത്. അവന്റെ അമ്മാവന് ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റില്‍ തന്നെ എന്റെ ഇടത്തേക്ക് രണ്ടാമത്തെ ക്യുബിക്കിളിലും. അവന്‍ അവന്റെ അമ്മാവനോട് വന്ന്‌ പറഞ്ഞിട്ട് പോകുന്നത് ഞാന്‍ കണ്ടതാണ്. അവന്റെ അമ്മാവനോട് ഇക്കാര്യം പറയാനായി ഞാന്‍ തിരിഞ്ഞു. അപ്പോളാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു സംസാരം കേട്ടത് - "അവന്‍ മരിച്ചെന്നാ തോന്നുന്നത്". ഞാന്‍ ഞെട്ടി തിരിഞ്ഞു. ഒരാള്‍ അവന്റെ മൂക്കില്‍ കൈ വച്ച് ശ്വാസം നോക്കി കൊണ്ട് പറഞ്ഞു - "അതെ മരിച്ചു".

കമ്പാര്‍ട്ട്മെന്റില്‍ തിരിച്ചെത്തിയപ്പോഴേക്കും റെയില്‍വേ പോലീസ് എത്തിയിരുന്നു. ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച അവര്‍ കള്ളനെ കാണാന്‍ ഇറങ്ങി. ഞാന്‍ ആ പയ്യന്റെ അമ്മാവനെ കാണാന്‍ ഉള്ളില്‍ കയറി. മരിച്ചുവെന്ന് പറഞ്ഞില്ല. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ആളാണെന്നു തോന്നുന്നു എന്ന് പറഞ്ഞു. അദ്ദേഹം അതന്വേഷിക്കാന്‍ അങ്ങോട്ട്‌ പോയി. തിരിച്ച് എന്റെ ബര്‍ത്തില്‍ എത്തിയ ഞാന്‍ സംഭവിച്ചതിന്റെ ഏകദേശ രൂപം ആലോചിച്ചു. ഏകദേശം താഴെ പറയുന്ന പോലെ ആയിരിക്കാം സംഭവിച്ചത്.

പയ്യന്‍ അമ്മാവന്റെ അടുത്തേക്ക് വന്നു കാണും. അമ്മാവന്റെ ബര്‍ത്ത് മറന്നു പോയ അവന്‍ തെറ്റിദ്ധരിച്ചായിരിക്കും ആ സ്ത്രീയുടെ ബര്‍ത്തില്‍ എത്തിയത്. അവന്റെ അമ്മാവന്റെ ബര്‍ത്ത് കമ്പാര്‍ട്ട്മെന്റിന്റെ ഒരറ്റത്ത് നിന്നും രണ്ടാമത്തെ ക്യുബിക്കളില്‍ സൈഡ് ലോവറും ആ സ്ത്രീയുടേതു മറ്റേ അറ്റത്ത്‌ നിന്നും രണ്ടാമത്തെ ക്യുബിക്കളില്‍ സൈഡ് ലോവറും ആണ്. പോരാഞ്ഞ് അവര്‍ ഒരേ പോലത്തെ പുതപ്പുപയോഗിച്ചിരുന്നു. ആ സ്ത്രീ എഴുന്നേറ്റു കഴിഞ്ഞ ശേഷമായിരിക്കും അത് തന്റെ അമ്മാവനല്ല എന്ന് അവന്‍ മനസ്സിലാക്കിയിരിക്കുക. അപ്പോളേക്കും ആ സ്ത്രീ ബഹളം വെക്കുകയും ആളുകള്‍ ഉണരുകയും ചെയ്തിരിക്കും. അവന് ഒരു വിശദീകരണം നല്‍കാന്‍ പോലും പറ്റി കാണില്ല. അപ്പോളേക്കും അവനെ ആളുകള്‍ തുരത്തുകയും അവന്‍ ഓടുകയും ചെയ്തു കാണും. ആരെയെങ്കിലും തല്ലാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ എന്തിനാണെന്ന് കൂടി നോക്കാതെ തല്ലുന്ന ആള്‍ക്കാരാണല്ലോ നമ്മള്‍ . ഒരു കൊച്ചു പയ്യനെന്നു കൂടി നോക്കാതെ, സുരക്ഷിതമെന്നോ മര്‍മ്മത്തെന്നോ നോക്കാതെ അടിച്ചു തകര്‍ത്തു കാണും. പോലീസുകാര്‍ തന്നെ ഉരുട്ടി കൊള്ളുന്ന നമ്മുടെ നാട്ടില്‍ നമ്മള്‍ ഒന്ന് തല്ലി കൊല്ലുന്നത് ഒരു തെറ്റാണോ?

ദൂരെ നിന്നും ആ  അമ്മാവന്‍ പുലമ്പുന്നത് എനിക്ക് കുറെ ദിവസങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു -
"கொன்னு போட்டிட்டன்களே பாவிங்களா"

My Expeditions

Popular Posts