"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Tuesday, February 18, 2014

Sunday, February 16, 2014

സൈഡ് ബിസിനസ്‌

കേരളത്തിലെ ഗവർമെൻറ് ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകീട്ട് 5മണി വരെ ആണ്. പക്ഷെ സാധാരണ കണ്ടു വരുന്നത് എന്താണെന്ന് വച്ചാൽ ജീവനക്കാർ ജൊലിക്കെത്തുമ്പോഴേക്കും മണി 11 കഴിയും. വൈകീട്ട് 4:30 ആകുമ്പോഴേക്കും എല്ലാരും പോകുകയും ചെയ്യും. ഓഫീസ് ജോലിക്ക് പുറമേ എല്ലാവർക്കും അവരുടേതായ സൈഡ് ബിസിനസ്‌ ഉണ്ട്. ഒരു കാലത്ത് എല്ലാരും LIC എജന്റ് ആയിരുന്നു. ഈ ഇടയായി കല്യാണ ബ്രോകർ, പൂ / ചെടി കച്ചോടം, സോളാർ ബിസിനസ്‌, ഫാഷൻ തുണി / ഉടുപ്പ് വില്പന എന്നിവയാണ് ട്രെൻഡ്.

ഈ കഥ നടന്നത് ഉത്തര കേരളത്തിലെ ഒരു സാധാരണ ഗവർമെൻറ് ഓഫീസിൽ  ആണ്. ആ സമയത്ത് എന്റെ അമ്മ അവിടെ ഹെഡ് ക്ലാർക്ക് ആയിരുന്നു. ഈ ഓഫീസിനടുത്തുള്ള ഒരു സ്കൂളിൽ ആണ് ഞാൻ പഠിച്ചു കൊണ്ടിരുന്നത്. അത് കൊണ്ട് വൈകുന്നേരം സ്കൂൾ വിട്ടതിനു ശേഷം ഞാൻ അമ്മയുടെ ഓഫീസിലേക്ക് പോകും. എന്നിട്ട് അമ്മയുടെ കൂടെ ആണ് വീട്ടിൽ പോകുന്നത്. ഓഫീസിൽ ഒരു സ്ഥിരം വിരുന്നുകാരൻ ആയതുകൊണ്ട് എല്ലാവരുമായി എനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. ഓഫീസിന്റെ അധിപൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയിരുന്നു. അദ്ധേഹത്തെ കൂടാതെ രണ്ട് പോസ്റ്റ്‌ കൂടി എന്റെ അമ്മയുടെ പോസ്റ്റിന്റെ മേലെ ആ ഓഫീസിൽ ഉണ്ടായിരുന്നു. സീനിയർ സൂപ്രണ്ട് മുഹമ്മദ്‌ കുഞ്ഞി സാറും അഡ്മിനിസ്ട്രെറ്റിവ് അസിസ്റ്റന്റ്‌ പദ്മിനി മാഡവും. ഹെഡ് ക്ലാർക്കിന്റെ മകൻ എന്ന പേരിൽ VIP ട്രീറ്റ്‌മെന്റ് എനിക്ക് ലഭിച്ചിരുന്നു. പ്യൂണ്‍ മോഹനൻ ചേട്ടന്റെ വക ചായയും കടിയും, മറ്റ് സ്റ്റാഫിന്റെ വക ഐസ്ക്രീം ഫാലുദ എന്നിവയും ഇടയ്ക്കിടയ്ക്ക് കിട്ടുമായിരുന്നു.

നമ്മുടെ സീനിയർ സൂപ്രണ്ട് (ഇനി അങ്ങോട്ട്‌ SS എന്ന് അഭിസംബോധന ചെയ്യും) ഒരു കല്യാണ ബ്രോകർ കൂടി ആണ്. ആ ഓഫീസിലെ ചില സ്റ്റാഫിന്റെ വിവാഹം ശരിയാക്കിയത് അദ്ദേഹമാണ്. UDC ലതയുടെ കല്യാണം SS ന്റെ വീടിനടുത്തുള്ള ഒരു വക്കീലുമായും ഡ്രാഫ്റ്റ്‌മാൻ അശോകന്റെ കല്യാണം SS ന്റെ ഭാര്യ പഠിപ്പിച്ച ഒരു കുട്ടിയുമായും നടത്തി. എടുത്തു പറയേണ്ടത് UDC മനോജിന്റെയും LDC സംഗീതയുടെയും വിവാഹം നടത്താൻ സഹായിച്ച അദ്ദേഹത്തിന്റെ ഇടപെടലാണ്. അതേ പറ്റി ഈ കഥയുടെ രണ്ടാമത്തെ പകുതിയിൽ പറയാം. SS ആ ഇടെയായി മറ്റൊരു UDC ആയ സുദീപിന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ പറ്റിയ ഒരു കുട്ടിയെ കിട്ടിയില്ല. സുദീപിന് 30 വയസ്സാവുന്നു. അത് കൊണ്ട് തന്നെ ചേർന്ന കുട്ടിയെ കിട്ടാത്തതിൽ SS ന് നിരാശയുണ്ടായിരുന്നു. അടുത്തുള്ള ഓഫീസുകളിലേക്കും SS ന്റെ നീരാളി കൈകൾ പടർന്നിരുന്നു. അവിടെ ഉള്ള അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ വഴി ബ്രോകർ ബിസിനസ്‌ അങ്ങോട്ട്‌ കൂടി വ്യാപിപ്പിച്ചിരുന്നു അദ്ദേഹം.

LDC ആഷിഖ് അബൂബക്കർ ആയിരുന്നു ഞാനുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്നത്. അയാൾ എന്റെ അമ്മയുടെ കീഴെ ആണ് ജോലി ചെയ്തിരുന്നത്. പോരാഞ്ഞതിന് അമ്മ ഇരിക്കുന്നതിന് നേർ എതിർവശം ആയിരുന്നു ഇരിപ്പിടം. അയാൾ SS ന്റെ ഒരു അകന്ന ബന്ധുവായിരുന്നു. കുട്ടിയായിരുന്ന എന്നോട് അയാൾ അയാളുടെ ചില പ്രശ്നങ്ങളും സ്വകാര്യങ്ങൾളും ഒക്കെ പറയുമായിരുന്നു. അതിൽ മനസ്സിന് ഇത്തിരി ആശ്വാസം കിട്ടുന്നുണ്ടാവണം ആ പാവത്തിന്. സ്വകാര്യങ്ങളിൽ ഒന്നായിരുന്നു ഓഫീസിലെ മറ്റൊരു LDC ആയ സൈനയോട് അയാൾക്കുണ്ടായിരുന്ന പ്രണയം. അത് സൈനയെ അറിയിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് സൈനയുടെ നിക്കാഹ് ഉറപ്പിക്കുന്നതിലേക്ക് എത്തിയത്. അതറിഞ്ഞ ആഷിഖ് ഒരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നു. അയാളുടെ മനസ്സിന്റെ ഭാരം കണ്ടാണ്‌ ഞാൻ ഈ കാര്യം SS നോട് പറഞ്ഞത്. കാര്യമുണ്ട്. നേരത്തേ പറഞ്ഞ മനോജ്‌ - സംഗീത കാര്യത്തിലും സംഗീതയുടെ വിവാഹം ഏകദേശം ഉറപ്പിച്ചതാണ്. പക്ഷെ മനോജിന് സംഗീതയോടുള്ള ഇഷ്ടം അറിയാമായിരുന്ന SS സംഗീതയുടെ വീട്ടിൽ സംസാരിച്ച് എല്ലാം ശരിയാക്കി. ആഷിഖിന്റെ കാര്യവും SS ശരിയാക്കുമെന്ന വിശ്വാസം ആയിരുന്നു എനിക്ക്. അത് തെറ്റിയില്ല. ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും SS അത് ശരിയാക്കി.

സർക്കാരിന്റെ പുതിയ റാങ്ക് ലിസ്റ്റിൽ നിന്ന് ആയിടെ ഒരു പുതിയ LDC ഓഫീസിൽ ജോയിൻ ചെയ്തു. പേര് മിനി. പക്ഷെ പേര് പോലെ അല്ല ആള്. നല്ല ഗുണ്ടുമണി. ഒരു ഇരുപത്തഞ്ച് വയസ്സ് പ്രായം ഉണ്ടാവും. ചുരുങ്ങിയ കാലയളവിൽ തന്നെ ആളുകളുടെ ഇടയിൽ നല്ല സമ്മതി ഉണ്ടാക്കി അവൾ. അവൾ വന്ന് ഒരു വർഷം ആകാറായ സമയത്താണ് ആ സമ്മതിയുടെ യഥാർത്ഥ ഉന്നം എല്ലാവർക്കും മനസ്സിലായത്‌. SS തന്റെ അന്തസ്സിന്റെ കാര്യമായി എടുത്തിരുന്ന  UDC സുദീപിന്റെ കല്യാണം അവൾ  ഇടപെട്ട് അവളുടെ കൂട്ടുകാരിയുമായി നടത്തി. അതൊരു തുടക്കം മാത്രമായിരുന്നു. അവിടെ കല്യാണപ്രായമായ എല്ലാർക്കും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അവൾ വഴി ആലോചനകൾ വന്നു. അടുത്ത ഒരു വർഷം അവൾ ഇടപെട്ട് ആ ഓഫീസിലും അടുത്തുള്ള ഓഫീസുകളിലുമായി ആറ് കല്യാണങ്ങൾ നടത്തി. പദ്മിനി മാഡത്തിന്റെ മകളുടെ കല്യാണവും അതിൽ ഉൾപ്പെടും. SS ന്റെ പിടിയിൽ ഒന്ന് പോലും ഒതുങ്ങിയില്ല. ആളുകൾ അവൾക്ക് ഓമനപ്പേരിട്ട് വിളിച്ചു - "മിനി മാര്യേജ് ബ്യൂറോ ആൻഡ്‌ അഫ്റ്റർ മാര്യേജ് സർവീസ്".

ഒരു കൊച്ചു പെണ്ണിനോട് തോറ്റ് മാനം പോയ SS പ്രതികാരത്തിനായി കാത്തിരിക്കുകയായിരുന്നു. ആ ഇടെ ആണ് മിനിയുടെ അച്ഛനും അമ്മയും ഒക്കെ ഓഫീസിൽ വന്നത്. ഓഫീസ് സൂപ്രണ്ട് എന്ന നിലയിൽ അവർ SS നെ പരിചയപ്പെട്ടു. ആ സംസാരത്തിന്റെ ഇടയിലെങ്ങോ മിനിക്ക് കല്യാണം നോക്കുന്നുണ്ടെന്നു അവർ SS നോട് പറഞ്ഞു. പ്രതികാരത്തിനുള്ള അവസരം വീണു കിട്ടിയ SS സമയം കളയാതെ ഉടനെ തന്നെ തന്റെ ലിസ്റ്റിൽ നിന്ന് ഒരാളെ കാണിച്ചു. ആളെ ഇഷ്ടപ്പെട്ട അച്ഛനും അമ്മയും പെണ്ണ് കാണാൻ ദിവസം തീരുമാനിച്ച് മടങ്ങി. മിനി ഇതൊന്നും അറിഞ്ഞില്ല. പെണ്ണ് കാണലും കല്യാണം ഉറപ്പിക്കലും കഴിഞ്ഞ് ക്ഷണിക്കാനായി ഓഫീസിൽ വന്ന അച്ഛനും അമ്മയും എല്ലാരോടും തുറന്നങ്ങ് പറഞ്ഞു. മിനിയുടെ കല്യാണത്തിന് കാരണഭൂതൻ SS ആണെന്ന്. അപ്പോളാണ് മിനിയും ആ സത്യം അറിഞ്ഞത്. അതെ "മിനി മാര്യേജ് ബ്യൂറോ ആൻഡ്‌ അഫ്റ്റർ മാര്യേജ് സർവീസ്" എന്ന പ്രസ്ഥാനത്തിന്റെ വിവാഹം നടത്തി ആ സൈഡ് ബിസിനസ്സിൽ SS തന്റെ വെന്നിക്കൊടി പാറിച്ചു. ഒന്നാമൻ എന്ന സ്ഥാനം അനിഷേധ്യം ഊട്ടി ഉറപ്പിച്ചു.

My Expeditions

Popular Posts