"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Wednesday, February 3, 2016

റിസപ്ഷനിസ്റ്റ്

ഇത് സ്റ്റെഫിയെ പറ്റിയുള്ള കഥയാണ്. ഐറ്റി നഗരമായി വളർന്നു കൊണ്ടിരിക്കുന്ന കൊച്ചിയിലെ ഒരു ചെറിയ കമ്പനിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സ്റ്റെഫി. കൊച്ചിയിലൊക്കെ ഒരു റിസപ്ഷനിസ്റ്റിന് എന്ത് ശമ്പളം കിട്ടും? ഒരു പതിനായിരം. അതായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി അവളുടെ ശമ്പളം. വളരെ വൃത്തിയായി തന്റെ ജോലികൾ ചെയ്തിരുന്ന സ്റ്റെഫിക്ക് ഒറ്റ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു. ദേഷ്യങ്ങള് വന്നാ തനി തിരന്തോരം ഭാഷയിൽ നല്ല നാടൻ തെറികൾ വിളിക്കും. ഷോർട്ട് ടെമ്പറിന്റെ ലേശം സൂക്കേടുണ്ട്.


അതിനിടയിലാണ് റിസഷൻ ബാധിച്ച് കമ്പനികളുടെ അവസ്ഥ മോശമായത്. നമ്മുടെ കമ്പനിയെയും അത് ബാധിച്ചു. ഓർഡറുകൾ കുറഞ്ഞു. ആതിൻ ഫലമായി ജോലിയും. ആളുകളെ പറഞ്ഞു വിടാതെ എല്ലാരുടെയും ശമ്പളം 10 മുതൽ 20 ശതമാനം വരെ വെട്ടിക്കുറച്ച് ഇതിനൊരു പരിഹാരം കാണാൻ മാനേജ്‌മന്റ്‌ തീരുമാനിച്ചു. അതിന്റെ ഭാഗമായി സ്റ്റെഫിയുടെ ശമ്പളവും വെട്ടിക്കുറച്ച് 6500/- ആക്കാൻ തീരുമാനമുണ്ടായി. ഈ വാർത്ത‍ സ്റ്റെഫിയുടെ മേലുദ്യോഗസ്ഥനും ഓഫീസിലെ ഇൻഫ്ര അഡ്മിൻ മാനേജരുമായ റെജി മാത്തൻ അവളെ അറിയിച്ചു. എച് ആർ പറയുന്നതല്ലേ അയാൾക്ക്‌ ചെയ്യാൻ സാധിക്കൂ. അല്ലാതെ അയാൾടെ പോക്കറ്റിൽ നിന്നും കൊടുക്കാൻ പറ്റില്ലല്ലോ. പക്ഷെ സ്റ്റെഫിക്ക് ഈ വാർത്ത‍ ഒരടിയായിരുന്നു. അവൾടെ പിടി വിട്ടു. കലിപ്പ് കേറി മാത്തന്റെ തള്ളക്ക് വിളിച്ചു എന്നാണ് തോന്നണത്. അല്ലെങ്കിലേ ശമ്പളം കുറഞ്ഞ് കലിച്ച് നിക്കണ മാത്തന് ഇതും കൂടി ആയപ്പോൾ മൂത്ത കലി ആയി. ആ കലി അയാൾ സ്റ്റെഫിയോട് തീർത്തു. അയാൾ ചരട് വലിച്ച് അവളെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടു. 6500/- ശമ്പളത്തിൽ അത്ര തന്നെ കഴിവുള്ള വേറെ ആളെ നിയമിക്കാമെന്ന് അയാൾ എച് ആറിന് ഉറപ്പ് നൽകി. എന്ത് കണ്ടിട്ടാണ് ആ ഉറപ്പ് കൊടുത്തതെന്ന് ഞാൻ പറയാം. അവിടെ തന്നെ ജോലി ചെയ്യുന്ന വിനീഷിന്റെ കല്യാണം ഈയിടെ കഴിഞ്ഞതാണ്. അവൻ ഭാര്യക്ക്‌ ഒരു ജോലി നോക്കുന്നുണ്ട്. ഈ ശമ്പളത്തിന് നിക്കും.


ദിവസങ്ങൾക്കകം അഭിമുഖം നടത്തി മാത്തൻ പുതിയ ആളെ നിയമിച്ചു. വിനീഷിനും സന്തോഷം മാത്തനും സന്തോഷം. ഒരാഴ്ചക്കകം ജോലിക്ക് വരാൻ ധാരണയായി. പ്രസ്തുത ദിവസം രാവിലെ 9 മണിക്ക് ജോലിക്ക് കേറേണ്ട ആൾ അന്ന് എത്തിയില്ല. ഭർത്താവ് വിനീഷും എത്തിയില്ല. രണ്ട് പേരും ഫോൺ വിളിച്ചിട്ട് എടുക്കുന്നും ഇല്ല. മാത്തന് പരിഭ്രമമായി. വൈകുന്നേരം വാർത്ത‍ മാത്തനെ തേടി എത്തി. ഓഫീസിലേക്ക് വരാൻ ബസ്‌ കാത്ത് നിൽക്കുകയായിരുന്ന വിനീഷിന്റെ ഭാര്യയുടെ കാലിൽ ആ സ്ഥലത്തെ ഒരു പേര് കേട്ട വട്ടൻ വലിയ ഒരു കല്ല്‌ കൊണ്ടിട്ടു. എല്ലിനും വിരലുകൾക്കും പരിക്കുണ്ട്. ഫലം; കുറഞ്ഞത്‌ മൂന്നാഴ്ച വിശ്രമം. ഭാര്യയെ പരിചരിക്കാൻ വിനീഷും അവധിയെടുത്തു. മൂന്നാഴ്ച കഴിഞ്ഞ് രണ്ട് പേരും ജോലിക്കെത്തി. മാത്തന് സമാധാനമായി എന്ന് പറയാവുന്നതിന് മുൻപേ തന്നെ അടുത്തത് വന്നെത്തി. മൂന്നാഴ്ച ഭാര്യയെ പരിചരിച്ച് പരിചരിച്ച് വിനീഷ് പണി പറ്റിച്ചു. അവൾ ഗർഭിണിയായി. മാത്തനെ ഞെട്ടിച്ചത് മറ്റൊരു വാർത്ത ആയിരുന്നു. ഗർഭിണിയായ സ്ഥിതിക്ക് വിനീഷിന്റെ ഭാര്യ ജോലി തുടരാതെ നാട്ടിലേക്ക് വിശ്രമത്തിനായി തിരിച്ചു പോകുന്നു.


മാത്തൻ ഒരു കാര്യം തീരുമാനിച്ചു. ചെറുപ്പക്കാരികളെ ഇനി വേണ്ട. അതികം വൈകാതെ തന്നെ നാൽപത്‌ കഴിഞ്ഞതും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീയെ ജോലിക്കെടുത്തു. പക്ഷെ ഇവിടെയും മാത്തന് പിഴച്ചു. മൂന്ന് മാസം കഴിഞ്ഞ് ആ വാർത്തയും മാത്തനെ തേടി വന്നു. ആ സ്ത്രീയും ഗർഭിണിയാണ്. ഈ പ്രായത്തിൽ അതീവ ശ്രദ്ധ വേണം. അത് കൊണ്ട് അവരും ജോലിയിൽ നിന്നും പിരിഞ്ഞു പോകാൻ തീരുമാനിച്ചു. വേറെ ഒരാളെ നിയമിക്കുന്നത് വരെ തുടരാമെന്ന് ധാരണയായി.


ഇനി ഭർത്താവില്ലാത്ത സ്ത്രീയെ മാത്രമേ ജോലിക്കെടുക്കൂ എന്ന് മാത്തൻ തീരുമാനിച്ചു. അഭിമുഖങ്ങൾ നടത്തി അവസാനം ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്ന ഒരു മദ്ധ്യവയസ്കയെ നിയമിച്ചു. ഒരു കുട്ടി ഉണ്ട്. ഭർത്താവ് ഇനി മൂന്ന് വർഷം കഴിഞ്ഞേ വരൂ. ഇവിടെയും മാത്തന് പിഴച്ചു എന്ന് നിങ്ങൾ ഊഹിച്ച് കാണും. ശരിയാണ്. ജോലി കിട്ടിയ സന്തോഷം ഒന്നാഘോഷിക്കാൻ ആ സ്ത്രീയുടെ ഭർത്താവ് ചെറിയ ഒരിടവേളക്ക് നാട്ടിൽ വരികയും അവർ ഗർഭിണിയാവുകയും ചെയ്തതിൽ നിന്ന് എന്തോ പന്തികേടുണ്ടെന്ന് മാത്തന് മനസ്സിലായി. മാത്തൻ ഒരന്വേഷണം നടത്തി. റിസപ്ഷൻ പരിസരം അരിച്ച് പെറുക്കിയ മാത്തന് ഒരു കോഴിമുട്ടയും വാഴയിലയിൽ ചന്ദനവും കുങ്കുമവും ചെമ്പരത്തിപ്പൂവും അരിയും കിട്ടി. മാത്തൻ ഉറപ്പിച്ചു. ഇത് കൂടോത്രം തന്നെ. സ്റ്റെഫിയുടെ കൂടോത്രം. ഇനി ഒരേ ഒരു വഴിയേ ബാക്കിയുള്ളൂ. അടുത്ത ദിവസത്തെ പത്രത്തിൽ മാത്തൻ പരസ്യം കൊടുത്തു - "റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. 40 വയസ്സ് കഴിഞ്ഞ പ്രസവം നിർത്തിയ സ്ത്രീകൾക്ക് മുൻഗണന."


ഇനി ആ കിട്ടിയ സാധനങ്ങളെ കുറിച്ച്. കോഴിമുട്ട ഒമ്ലെറ്റ് പ്രിയയായ സ്റ്റെഫി വച്ച് മറന്നത്. വാഴയിലയും ചന്ദനവും കുങ്കുമവും ദിവസവും രാവിലെ അമ്പലത്തിൽ പോകുന്ന രണ്ടാമത്തെ സ്ത്രീ വച്ച് മറന്നത്. അരി യൌസേപ് പിതാവിന്റെ പെരുന്നാളിന് പോയപ്പോൾ മൂന്നാമത്തവൾക്ക് കിട്ടിയ നേർച്ച അരിയുടെ ബാക്കി.



My Expeditions

Popular Posts