ആ ഡിസംബർ രാത്രിയിൽ ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറുമ്പോൾ അവിടെ എന്ത് കാലാവസ്ഥ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാമായിരുന്നു. അതിനുള്ള സന്നാഹങ്ങളുമായാണ് ഞാൻ കൊച്ചിയിൽ നിന്ന് വണ്ടി കയറിയത്. നല്ല കമ്പിളിപ്പുതപ്പിനടിയിൽ മൂടിക്കിടന്നുകൊണ്ടാണ് ട്രെയിനിൽ ഞാൻ ഉറങ്ങിയത് തന്നെ. പോരാത്തതിന് ഉള്ളിൽ കമ്പിളിക്കുപ്പായവും. രാവിലെ ആറ് മണിയോടടുത്ത് ബാംഗ്ലൂരിൽ വന്നിറങ്ങുമ്പോൾ അതിന്റെ ആവശ്യം ഉണ്ടാകുമെന്നുറപ്പ്.
അഞ്ചരയോടടുത്ത് ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തി. ആറ് മണിയോടടുത്തേ BMTC വണ്ടികൾ മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് ഓടിത്തുടങ്ങുകയുള്ളൂ. ഒരു ചായയൊക്കെ കുടിച്ച് ശരീരം ഒന്ന് ചൂടാക്കി. ഒരു ആറരയോടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് നടത്തം തുടങ്ങി. നല്ല കോടയുണ്ടായിരുന്നു. നല്ല തണുപ്പും. പോരാത്തതിന് അപ്പപ്പോഴായി ചെറിയ കാറ്റും. ബാഗിലുണ്ടായിരുന്ന ഷാൾ കഴുത്തിന് ചുറ്റി ഉപയോഗിക്കേണ്ടി വന്നു. എന്നിട്ടും ചെറുതായി വിറക്കുന്നുണ്ടായിരുന്നു. ഇനി ബസിൽ കയറി യാത്ര ചെയ്യുമ്പോളുള്ള സ്ഥിതി ആലോചിച്ച് വേവലാതിപ്പെട്ടു.
ബസ് സ്റ്റാൻഡിന്റെ കവാടത്തിൽ എത്തി. ആ ഭാഗത്ത് കുറെ പേർ പുതച്ച് മൂടി കിടന്നുറങ്ങുന്നുണ്ട്. കുറെ ഭിക്ഷക്കാരുമുണ്ട്. സ്റ്റാൻഡിലേക്ക് കയറുമ്പോൾ അവിടെ ഒരു പ്രായമായ സ്ത്രീ എന്നോടൊരു ചായ വാങ്ങി തരാമോ എന്ന് ചോദിച്ചു (എനിക്ക് കന്നഡ ഗോത്തു). ഞാൻ ചെവി കൊടുക്കാതെ മുൻപോട്ട് നടന്നു. മെലിഞ്ഞ ശരീരവും, ഒട്ടിയ വയറും കവിളുകളും ആണ് അവർക്ക്. അവരുടെ വസ്ത്രങ്ങൾ കീറിപ്പറഞ്ഞിരുന്നു. ശുഷ്കിച്ച മാറിടങ്ങൾ പുറത്തു കാണാമായിരുന്നു. അവർക്ക് തണുക്കുന്നില്ലേ?
ബസ് നമ്പർ 25 വരുന്ന പ്ലാറ്റ്ഫോമിൽ പോയി ഒരു ഇരിപ്പിടം കണ്ടെത്തി. മണി ഏഴാവാറായിട്ടും ബസ് നമ്പർ 25 ഒന്ന് പോലും വന്നില്ല. വിജനമായിരുന്ന സ്റ്റാൻഡിൽ ആ സമയമായപ്പോഴേക്കും കുറേ ജനങ്ങൾ എത്തിയിരുന്നു. ആ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ വിവിധ പ്ലാറ്റ്‌ഫോമിൽ വിവിധ ബസ് നമ്പറുകൾ കാത്ത് നിൽക്കുന്ന ജനം. ആ ജനക്കൂട്ടം ഒരു നിമിഷത്തേക്ക് നിശ്ശബ്ദരായി സ്റ്റാൻഡിന്റെ കവാടത്തിലേക്ക് നോക്കുന്നത് ഞാൻ കണ്ടു. എന്താണെന്നറിയാൻ ഞാനും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് വലത്തോട്ട് കവാടത്തിലേക്ക് നോക്കി.
ഒരു പെൺകുട്ടിയെയാണ് എല്ലാരും നോക്കുന്നത്. ദൂരെ നിന്ന് അവൾ നടന്ന് വരുന്നത് കാണാം. പക്ഷെ അവൾ ആരെയും ശ്രദ്ധിക്കുന്നില്ല. അവളുടെ മനസ്സ് വേറെ ഏതോ സ്ഥലത്താണ്. അവളുടെ ദേഹം മുഴുവൻ ചെളി പറ്റിയിട്ടുണ്ട്. നന്നായി കാണാൻ ഞാൻ മുൻപോട്ടിറങ്ങി. ഇരുപതുകളിൽ പ്രായം തോന്നിക്കുന്ന അവൾ ധരിച്ചിരുന്ന മുട്ടോളമുണ്ടായിരുന്ന കമീസ് കീറിപ്പറഞ്ഞിരുന്നു. സൽവാർ ഇല്ലാതെ കാലുകൾ നഗ്നമായിരുന്നു. അടുത്തെത്തുംതോറും അവളുടെ സൗന്ദര്യം എന്നെ അത്ഭുതപ്പെടുത്തി. അതിസുന്ദരിയും ഒരു യുവതിക്ക് വേണ്ടത്ര ശാരീരിക പുഷ്ടിയുമുള്ളവളായിരുന്നു അവൾ.
എല്ലാം നഷ്ടപ്പെട്ട മുഖഭാവത്തോടെ അവൾ മുന്നോട്ടു നീങ്ങി. എന്നെ കടന്ന് പോയപ്പോൾ ഞാൻ കണ്ടത് അവളുടെ തുറന്നിരിക്കുന്ന പിൻഭാഗമാണ്. നിദംബങ്ങളുടെ തുടക്കം വരെ കമീസ് മുഴുവൻ കീറിയിരുന്നു. ഞാൻ നിന്നിരുന്ന അവളുടെ ഇടത് ഭാഗത്തൂടെ അവളുടെ തുടുത്ത മാറിടങ്ങൾ കാണാമായിരുന്നു. അവളുടെ കമീസിന്റെ പിൻഭാഗത്തായി നിദംബത്തിന്റെ താഴെയായി രക്തക്കറകൾ ഉണ്ടായിരുന്നു. ഇതൊക്കെയാണ് അവിടെ എല്ലാരും നോക്കി അന്ധാളിച്ച് നിന്നിരുന്നത്. എന്തായിരിക്കും അവൾക്ക് സംഭവിച്ചിരിക്കുക എന്ന് ഞാൻ ഒന്നോർത്തു. എനിക്കവളോട് പാവം തോന്നി. അവൾ നല്ലൊരു മാനസികാവസ്ഥയിൽ ആയിരിക്കില്ല എന്ന് എനിക്ക് മനസ്സിലായി. അവൾക്ക് തണുക്കില്ലേ. എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു.
ഞാൻ ബാംഗ്ലൂരിൽ ജനിച്ചു വളർന്ന എന്റെ സുഹൃത്തിനെ വിളിച്ചു. അവളെ കാര്യങ്ങൾ ബോധിപ്പിച്ചു. ആ പെൺകുട്ടിയെ രക്ഷിക്കാൻ ഒന്നും ചെയ്തില്ലെങ്കിൽ ഈ നഗരം അവളെ കീറിപ്പറിക്കും എന്ന് ഞാൻ പറഞ്ഞു. ബാംഗ്ലൂരിൽ തന്നെയുള്ള ഏതെങ്കിലും സ്ത്രീകൾക്കുള്ള സംഘടന വഴി എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ഞാൻ ആരാഞ്ഞു. എന്റെ സുഹൃത്ത് എന്നോട് ഒരേ ഒരു ചോദ്യമേ ചോദിച്ചുള്ളൂ - "നിനക്ക് വേറെ പണി ഒന്നുമില്ലേ. ഒരു പരിചയവുമില്ലാത്തവർക്ക് രക്ഷകനാവാൻ നടക്കുന്നു. എത്ര പേരെ നീ രക്ഷിക്കും?".
ആ പെൺകുട്ടിയെ പറ്റിയുള്ള ചിന്ത തന്നെയായിരുന്നു പിന്നെ മനസ്സിൽ. അപ്പോഴേക്കും ബസ് വന്നു. ബസിൽ കയറാനായി ചെന്നപ്പോൾ നേരത്തേ കണ്ട പ്രായമായ സ്ത്രീയെ അപ്പുറത്തുള്ള ചായക്കടയിൽ കാണാനിടയായി. വേറൊരാൾ അവർക്ക് ചായ വാങ്ങി കൊടുക്കാൻ തയ്യാറായിരിക്കുന്നു. ബസിൽ പോകുമ്പോൾ പിന്നെ മുഴുവൻ ആ ചിന്തയായിരുന്നു. ആ പെൺകുട്ടിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ എനിക്ക് ആ പ്രായമായ സ്ത്രീക്ക് ഒരു ചായ വാങ്ങി കൊടുക്കാൻ പോലും മനസ്സ് വന്നില്ലാലോ.