എനിക്ക് ഫുട്ബോള്‍ കളിക്കണം. അവനു ക്രിക്കറ്റ് കളിക്കണം. ഭൂരിപക്ഷവും ഫുട്ബോള്‍ തിരഞ്ഞെടുത്തതുകൊണ്ടു അവന്‍ തല മൂത്തവരുടെ കൂടെ വലിയ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയി. ഞങ്ങള്‍ കുഞ്ഞു പയ്യന്മാര്‍ ഞങ്ങളുടെ ആസ്ഥാന ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളി തുടങ്ങി. അവന്‍ എന്റെ പ്രിയ സുഹൃത്ത്, കളിക്കൂട്ടുകാരന്‍ സതീഷ്. അയല്കാര്‍ , സമപ്രായക്കാര്‍ , ഒരേ ക്ളാസ്സില്‍ പഠിക്കുന്നവര്‍ എന്നീ വിശേഷണങ്ങള്‍ . പക്ഷെ അഭിപ്രായങ്ങള്‍ മാത്രം യോജിക്കില്ല. ഒരു ഉപമ പോലെ പറയുവാണേല്‍ കത്തനാരെയും കമ്മ്യൂണിസ്റ്റ് കാരനേയും പോലെ, രാഷ്ട്രീയക്കാരനേയും IAS കാരനേയും പോലെ.
ഒരു ഗോള്‍ അടിച്ചു തിളങ്ങി നില്‍ക്കുവായിരുന്നു ഞാന്‍ . അതിന്റെ ആവേശത്തില്‍ ചെറിയ ഗ്രൗണ്ടില്‍ പന്ത് വെട്ടിച്ചു ദ്രുത ഗതിയില്‍ മുന്നേറിയ എന്റെ കാലില്‍ നിന്നു ബോള്‍ തട്ടി എടുക്കാന്‍ എതിര്‍ ടീമിലെ ഉണ്ണി ബോളില്‍ ആഞ്ഞടിച്ചു. എന്റെ കാലില്‍ നിന്നും ബോള്‍ പോകും എന്ന് മനസ്സിലാക്കിയ ഞാന്‍ ബോളിനു കൂട്ടിയടിച്ചു. ആ സതീശന്റെ പ്രാക്ക് കാരണമാണോ എന്നറിയില്ല, ഈ കൂട്ടിയടിക്കിടയില്‍ ബോളിന്റെയും എന്റെ കാലിന്റെയും ഇടയില്‍ ഒരു കരിങ്കല്‍ കഷ്ണം കൂടി വന്നു. ഒരലര്‍ച്ച. എന്റെ തന്നെ. ഒരായിരം സൂര്യ ചന്ദ്രന്മാരുടെ പ്രകാശം ഒരുമിച്ച് കണ്ണില്‍ അടിച്ചത് പോലെ. ഒന്നും കാണാന്‍ വയ്യ. ഞാന്‍ അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞ് കാഴ്ച ശക്തി തിരിച്ചു കിട്ടിയപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി. കല്ല് കാലില്‍ തുളഞ്ഞു കേറി കിടക്കുന്നു. എല്ലാരും കൂടി എന്നെ പിടിച്ചു ഗ്രൌണ്ടിന്റെ അടുത്തുള്ള വീടിന്റെ ഉമ്മറത്ത് കിടത്തി.
അതേ സമയം ചേട്ടന്മാര്‍ ഉണ്ട് സതീശനെ ചുമന്നു കൊണ്ട് വീട്ടിലേക്കു വരുന്നു. അവന്റെ ബോധം പോയിരിക്കുന്നു. മുഖത്ത് വെള്ളമടിച്ചു നോക്കിയിട്ടും അവനു ബോധം വീണില്ല. എങ്ങിനെയാണ് ബോധം പോയതെന്ന് പറയുന്നതിന് മുന്‍പ് അവന്റെ ക്രിക്കറ്റ് കളി ശൈലിയെ പറ്റി പറയണം. രാഹുല്‍ ദ്രാവിഡ് ഫാന്‍ ആണ്. ടെക്സ്റ്റ് ബുക്ക് കളിക്കാരന്‍ . മുന്‍പോട്ടു പന്ത് അടിക്കാന്‍ ആരോഗ്യം കുറവായത് കൊണ്ട് പുറകോട്ടാണ് കൂടുതലും കളിക്കുക. ഷോര്‍ട്ട് ലെങ്ങ്ത് പന്ത് വന്നാല്‍ പുള്‍ ചെയ്യില്ല. പകരം കട്ട് ചെയ്യും. പച്ച മലയാളത്തില്‍ അവന്റെ ഷോട്ട് വിവരിക്കണമെങ്കില്‍ ചെത്തി വിടും എന്ന് പറയണം. ബോള്‍ സെക്കന്റ് സ്ലിപ്പിലൂടെ. അതാണ് അവന്റെ പ്രധാനപ്പെട്ട സ്കോറിംഗ് ഏരിയ. ഇതു പോലെ ഒരു ഷോട്ടില്‍ പുറകോട്ടു പന്ത് നോക്കി ഓടിയതാണ് ഇപ്പൊ ഇങ്ങനെ വെട്ടിയിട്ടത് പോലെ കിടക്കാന്‍ കാരണം. റണ്ണര്‍ അവിടെ ബാക്കി ഉള്ള ചേട്ടന്മാരുടെ തന്നെ ഇരട്ടി വലിപ്പമുള്ള ആനന്ദേട്ടന്‍ . അതായത് സതീശന്റെ അഞ്ചിരട്ടി. അവര്‍ കൂടിയിടിച്ചു എന്ന് പറയുമ്പോള്‍ അവന്റെ മേലെ റോഡ് റോളര്‍ കയറ്റിയത് പോലെ ആണ്.
ഓട്ടോയില്‍ രണ്ടു പേരെയും ആശുപത്രിയില്‍ കൊണ്ട് പോയി. സതീശന്റെ കണ്ണ് തുറന്നു ലൈറ്റ് അടിച്ചും നെഞ്ചത്ത് സ്തെതെസ്കോപ്പു വച്ചും പരിശോധിക്കുന്നത് കണ്ടിരിക്കുംബോളാണ് എന്നെ പരിശോധിക്കാന്‍ ഡോക്ടര്‍ വന്നത്. ഡോക്ടറുടെ സഹായി ആയി ഒരു സിസ്റെറും. ഡോക്ടര്‍ കാലു പരിശോധിച്ച് ആ കല്ല് എടുത്തു കളയണമെന്ന് പറഞ്ഞപ്പോഴേ ഞാന്‍ കരച്ചില്‍ തുടങ്ങി. എന്നെ സമാധാനിപ്പിച്ചു ആ ചക്കര ഡോക്ടര്‍ വലിയ വേദന ഇല്ലാതെ മെല്ലെ കല്ല് എടുത്തു കളഞ്ഞു. അവിടെ ഒരു വലിയ കുഴി ആയിരിക്കുന്നു. അതില്‍ നോക്കിയാല്‍ വെള്ള നിറത്തില്‍ എല്ല് കാണാം. പക്ഷെ കല്ലിന്റെ പൊടി ഇപ്പോഴും മുറിവിനുള്ളില്‍ ഉണ്ടായിരുന്നു. അത് വൃത്തിയാക്കാന്‍ സിസ്റെരോട് പറഞ്ഞ് ഡോക്ടര്‍ പോയി. സിസ്റ്റര്‍ അതില്‍ എന്തൊക്കെയോ ദ്രാവകമൊക്കെ ഒഴിച്ച് അറ്റം വളഞ്ഞ ഒരു സാധനം അതില്‍ ഇട്ടു ഒരു ഇളക്കല്‍ . കഷായം ഇളക്കുന്ന പോലെ. "ആആആആആ" . ഞാന്‍ അവിടെ ഉണ്ടെന്നു ആ ആശുപത്രിയില്‍ ഉള്ളവരെ ഞാന്‍ ഒന്ന് അറിയിച്ചു. അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. ഈ സിസ്റെര്മാര്‍ക്കൊന്നും കണ്ണില്‍ ചോരയില്ല. ഡോക്ടര്‍മാര്‍ക് മാത്രമേ നമ്മുടെ വേദന മനസ്സിലാവു. അതില്‍ പിന്നെ ആ സിസ്റെരെ കൊണ്ട് എന്റെ ദേഹത്ത് ഞാന്‍ തൊടിച്ചിട്ടില്ല. എല്ലാം ചെയ്തു എന്റെ കാല്‍ ഡ്രെസ്സും ചെയ്തു തന്നാണ് ഡോക്ടര്‍ പോയത്. ഞാന്‍ ഇറങ്ങുമ്പോളും സതീശന് ബോധം ഇല്ലായിരുന്നു. ബോധം വന്നത് ഒരു ദിവസത്തിന് ശേഷവും. ഭയങ്കര ഇമ്പാക്റ്റ് ആയിരുന്നിരിക്കണം. എന്തായാലും ഈ സംഭവത്തിന് ശേഷം കുറച്ചു ദിവസത്തേക്ക് സുഹൃത്തുക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായില്ല.
ശുഭം
No comments:
Post a Comment