ഞങ്ങളുടെ കോളേജിന്റെ അടുത്തുള്ള പള്ളിവക ഹാളില്‍ ആണ് ആ ഭാഗത്തുള്ള മൊത്തം ചടങ്ങുകളും ആഘോഷങ്ങളും നടക്കാറ്. അടുത്തെങ്ങും അത്ര സൌകര്യമുള്ള വേറെ ഒന്നില്ല എന്നത് തന്നെ കാര്യം. അത് കൊണ്ട് എന്താണെന്നല്ലേ. ഞായറാഴ്ച മിക്കവാറും അവിടെ ഒരു സദ്യ ഉറപ്പ്. പള്ളിയില്‍ ഒരു കല്യാണം നടക്കുന്നുണ്ടേല്‍ സദ്യ തീര്‍ച്ചയായും അവിടുന്നാണ്. കൂടാതെ അമ്പലത്തിലെ ചില കല്യാണങ്ങളുടെയും പിറന്നാള്‍ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളുടെയും തൃശൂര്‍കാരുടെ ചില പൊങ്ങച്ച അഭ്യാസങ്ങളുടെയും സദ്യ അവിടെ തന്നെ. ഹോസ്റ്റല്‍ മെസ്സിലെ മടുപ്പിക്കുന്ന ആവര്‍ത്തന വിരസതക്ക് ഒരു അവധി. പോരാതെ മെസ്സ് കാശില്‍ കുറച്ചു ലാഭം. അത്രയുമാണ് ഞങ്ങളുടെ ഉദ്ദേശം. വീട്ടില്‍ പോകാതെ ഞായറാഴ്ചകളില്‍ ഹോസ്റ്റലില്‍ തങ്ങുന്ന ദിവസം ഒരു 11 - 11.30 ആകുമ്പോഴേക്കും ആരെങ്കിലും പോയി ഒന്ന് നോക്കിയേച്ചും വരും. ഒരു സദ്യയുടെ ലക്ഷണമുണ്ടോ എന്ന്. ഉണ്ടെങ്കില്‍ എല്ലാരേയും വിവരമറിയിക്കും. എല്ലാരും കുട്ടപ്പന്മാരായി കല്യാണം കൂടാന്‍ എത്തും. ഞങ്ങള്‍ ക്ഷണം കൂടാതെ വന്നവരാണെന്ന് അറിയാതിരിക്കാന്‍ 2-3 പേരുടെ കൂട്ടമായാണ് വരിക. വ്യത്യസ്ത സമയങ്ങളില്‍ എത്തി ഞങ്ങള്‍ തന്നെ പരസ്പരം ആ കല്യാണത്തിനിടയില്‍ ആകസ്മികമായി കണ്ട് മുട്ടുകയും വിശേഷങ്ങള്‍ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യും. മറ്റുള്ള ആള്‍ക്കാരോടും ഞങ്ങള്‍ കുശലം ചോദിക്കും. സംശയം തോന്നില്ല.
ഒരു ഞായറാഴ്ച ഹോസ്റ്റല്‍ മുറിയില്‍ ചീട്ടു കളിച്ചുകൊണ്ടിരിക്കുമ്പോള്‍ RK യുടെ വിളി വന്നു. അവന്‍ കുറച്ചു നേരം മുന്‍പ് ടൌണിലേക്ക് ഇറങ്ങിയതാണ്. ബസില്‍ പോകുമ്പോളാണ് അവന്‍ ഹാളില്‍ ഒരു സദ്യവട്ടത്തിന്റെ ഒരുക്കങ്ങള്‍ ശ്രദ്ധിച്ചത്. ഞങ്ങള്‍ പെട്ടെന്ന് കുളിച്ചു റെഡി ആയി ഇറങ്ങി. JS ഉം AM ഉം ആണ് ആദ്യം ഇറങ്ങിയത്. പിറകെ രണ്ടാമത്തെ ഗ്രൂപ്പ് MN ഉം MD ഉം RS ഉം. ഞാനും PN ഉം അവസാനം. ഞങ്ങള്‍ ഹാളില്‍ എത്തിയപ്പോള്‍ അവര്‍ പന്തിയില്‍ ഇരുന്നു കഴിഞ്ഞിരുന്നു. പതിവ് പോലെ അവര്‍ അങ്ങോട്ടും ഇങ്ങോട്ടും പരിചയം പുതുക്കിയിരുന്നു. ചോദ്യങ്ങളും പൊട്ടിച്ചിരികളും കേള്‍കാം. പക്ഷെ പതിവില്‍ നിന്നു ഒരു വ്യത്യാസമുണ്ട്. ബാക്കിയെല്ലാരും നിശ്ശബ്ദരാണ്. ഇവരുടെ ബഹളം കണ്ടിട്ട് എല്ലാരും ഇവരെ തന്നെ തുറിച്ചു നോക്കുന്നു. എന്തോ പന്തികേട് തോന്നി ഞങ്ങള്‍ മെല്ലെ ഇറങ്ങി പുറത്തു കവലയിലുള്ള മുറുക്കാന്‍ കടയുടെ അടുത്തെത്തി അവരെ കാത്തിരുന്നു. അധികം വൈകാതെ അവരും ഇറങ്ങി. അവരുടെ മുഖം വല്ലാണ്ടിരുന്നു. പിടിക്കപ്പെട്ടോ? അറിയില്ല. അവര്‍ ധൃതിയില്‍ നടക്കുകയാണ്. PN മെല്ലെ നടന്നു അവരോടൊപ്പം ചേര്‍ന്നു.
ഒരു അഞ്ചു നിമിഷം ഞാന്‍ മുറുക്കാന്‍ കടയില്‍ വെറുതെ ഇരുന്നു. അവിടുന്ന് PN വാങ്ങിച്ചതിന്റെ കാശ് കൊടുത്ത് ഇറങ്ങുമ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു - "ഇവിടെ ആരുടെ കല്യാണമാ?"
അയാള്‍ ഉത്തരം പറഞ്ഞു - "അവിടെ നാരായണന്‍ ചേട്ടന്റെ അടിയന്തിരത്തിന്റെ സദ്യയാ"
No comments:
Post a Comment