"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Tuesday, July 29, 2014

നായര് പിടിച്ച പുലിവാല്

കോഴിക്കോടങ്ങാടിയിൽ കെ പി എൻ സൈക്കിൾ മാർട്ട് എന്ന സ്ഥാപനത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്‌ കല്യാശ്ശേരി പീതാംബരൻ നായർ. സൈക്കിൾ വാങ്ങാൻ വയനാട്ടിന്നും മലപ്പുറത്തുന്നും ആളുകൾ ഇവിടെ എത്തിയിരുന്നു. സ്തുത്യർഹമായ സേവനവും ന്യായമായ വിലയുമായിരുന്നു ഇതിനു കാരണം. കുട്ടികൾ അദ്ദേഹത്തെ സൈക്കിൾ അമ്മാവൻ എന്ന് വിളിച്ചു പോന്നു. കൃഷിയും വാടകമുറികളും മറ്റുമായി നല്ല സമ്പാദ്യവും ഉണ്ടാക്കിയിരുന്നു പീതാംബരൻ നായർ.

ഭാര്യ അമ്മിണിയമ്മ. പതിനാറാം വയസ്സിൽ  പീതാംബരൻ നായരുടെ ഭാര്യയായി തിരുനാവായയിൽ നിന്ന് കോഴിക്കോട്ടെത്തിയതാണ് അമ്മിണിയമ്മ. അന്ന് മുതൽ വീട്ടമ്മയായി തറവാട് നോക്കി നല്ലൊരു ജീവിതമാണ് അവർക്കുണ്ടായിരുന്നത്‌. . ഭർത്താവിന്റെ വളർച്ച കണ്ട് സന്തോഷിക്കാനുള്ള കൃപയും ദൈവം അവർക്ക് നൽകി. മക്കൾ ഏഴ്.

പുരുഷോത്തമൻ 
ശങ്കരൻ 
ജനാർദ്ദനൻ 
ശശിധരൻ 
മാധവൻ 
ബിന്ദു 
ഹരിഹരൻ

പീതാംബരൻ നായർക്ക്‌ പെട്ടെന്ന് അസുഖം പിടിപെട്ട് കിടപ്പിലായതിൽ പിന്നെയാണ് ആ സ്ഥാപനവും കല്യാശ്ശേരി തറവാടും പീതാംബരൻ നായരുടെ സ്ഥാവര ജന്ഗമ വസ്തുക്കളും അന്യാധീനപ്പെട്ടു പോയത്. മക്കളുടെ കഴിവ് കേട് എന്ന് തന്നെ വേണം പറയാൻ. അച്ഛന്റെ ചെലവിൽ തിന്നും കുടിച്ചും വണ്ടികൾ വാങ്ങിയും അർമാദിച്ചു നടന്ന അവർക്ക് അദ്ദേഹത്തിന്റെ സ്ഥാപനമോ വസ്തുക്കളോ നോക്കി നടത്താനുള്ള കഴിവുണ്ടായില്ല. സൈക്കിൾ കട നന്നായി നടത്തിക്കൊണ്ടു പോകുവാൻ അവർക്കായില്ല. കൃഷിയെല്ലാം നശിച്ചതുകൊണ്ട്   നിർത്തുകയും ചെയ്തു. കിടപ്പിലായതോടെ എല്ലാം മക്കൾക്ക്‌ എഴുതി വച്ചിരുന്നു അദ്ദേഹം.

പീതാംബരൻ നായരുടെ മരണത്തോടെ സൈക്കിൾ കട നടത്തിപ്പ് പുറത്ത് നിന്നൊരാൾ ഏറ്റെടുത്തു. നിലമെല്ലാം ഓരോന്നോരോന്നായി വിൽക്കപ്പെട്ടു. ഒരു പണിയും എടുക്കാതെ കട മുറി വാടകകളിൽ നിന്നും സ്ഥലം വിറ്റ കാശു കൊണ്ടു മറ്റും ആണ് മക്കൾ ആർഭാടത്തോടെ ജീവിച്ചിരുന്നത്. തറവാട് കിട്ടിയ ഇളയ മകൻ ഹരിഹരനാണ് അമ്മിണിയമ്മയെ നോക്കേണ്ടിയിരുന്നത്. പക്ഷെ പഴയ കെട്ടിടത്തിന്റെ ഭംഗി ഭാര്യക്ക്‌ ഇഷ്ടപ്പെടാത്തത് കൊണ്ട് അത് പൊളിച്ച് പുതിയത് പണിയാൻ തുടങ്ങിരുന്നു ഹരി . ആ സമയം പീതാംബരൻ നായരും അമ്മിണിയമ്മയും അഞ്ചാമത്തെ മകനായ മാധവന്റെ വീട്ടിൽ ആയിരുന്നു. തറവാടിന്റെ തൊട്ടടുത്ത പറമ്പിൽ ആണ് മാധവന് അച്ഛൻ വീട് വച്ച് കൊടുത്തത്. കൂടാതെ മാധവന് കൊടുത്ത ഭാഗത്തിൽ വീടിന്റെ അടുത്തായി ഒരു ചെറിയ പറമ്പ് കൂടി ഉണ്ടായിരുന്നു.

വലിയൊരു സുഹൃത് വലയം ഉണ്ടായിരുന്നു മാധവന്. മാധവൻ അച്ഛന്റെ മരണ ശേഷം ആണ് കല്യാണം കഴിച്ചത്. ഉറ്റ സുഹൃത്ത് ഷബീറിന്റെ അയൽപക്കത്ത്‌ കണ്ട പെണ്ണിനെ മാധവന് ഇഷ്ടമായതിൽ പിന്നെ  ഷബീർ തന്നെ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. സുന്ദരിയായിരുന്നു മാധവന്റെ ഭാര്യ അഞ്ജലി. ആ ചുറ്റുവട്ടത്ത് തന്നെ ഏറ്റവും സുന്ദരി എന്ന് വേണേൽ പറയാം. ഫാഷൻ ഡിസൈനിംഗ് പഠിച്ച ഒരു മോഡേണ്‍ സൊസൈറ്റി ഗേൾ. അവളുടെ പുതുയുഗ ജീവിത രീതികളും വസ്ത്ര സങ്കൽപങ്ങളും അമ്മിണിയമ്മയ്ക്ക് പിടിച്ചിരുന്നില്ല. കല്യാണത്തിന് ശേഷം അഞ്ജലി വീടിന്റെ മുൻവശം  ഒരു ബോട്ടിക് (boutique) തുടങ്ങി. സന്തോഷകരമായിരുന്നു തുടക്കത്തിൽ അവരുടെ ജീവിതം. ഒരു വർഷത്തിനിടയിൽ അവർക്കൊരു ഉണ്ണി പിറക്കുകയും ചെയ്തു. ആയിടെ ആണ് മാധവന് ഗൾഫിൽ ഒരു ജോലി ശരിയായത്. ഹരിഹരന്റെ വീട് പണി ആ സമയം കൊണ്ട് കഴിഞ്ഞത് മൂലം അമ്മിണിയമ്മ അങ്ങോട്ട്‌ മാറി. അത് കാരണം വീട് വാടകയ്ക്ക് കൊടുത്ത് അഞ്ജലി സ്വന്തം വീട്ടിൽ പോയി. മാധവന്റെ നിർദേശപ്രകാരം രാവിലെ ബോട്ടികിലെക്കും വൈകുന്നേരം അവളുടെ വീട്ടിലേക്കും അഞ്ജലിയെ കൊണ്ടുചെന്നാക്കിയിരുന്നത് ഷബീർ ആയിരുന്നു.

അവധിക്കു വരുന്നതിന്റെ മുഴുവൻ ചിലവും കമ്പനി വഹിക്കും എന്നതായിരുന്നു ജോലി വാഗ്ദാന സമയത്ത് കമ്പനി പറഞ്ഞിരുന്നത്. ഒരു വർഷത്തിനു ശേഷം അവധിക്ക് ശ്രമിച്ച മാധവന് ആയിടെ ആണ് മൂന്ന് വർഷത്തിന് ശേഷമേ ഈ ആനുകൂല്യം ലഭ്യമാകൂ എന്ന് മനസ്സിലായത്‌. മാത്രമല്ല കുറേ ദിവസങ്ങൾ ഒരുമിച്ച് അവധിക്ക് പോകാൻ അനുവാദമുള്ളതും മൂന്നു വർഷത്തിൽ ഒരിക്കൽ  തന്നെ. ഭാര്യയെയും കുട്ടിയേയും കാണാൻ വേണ്ടി ജോലി രാജി വച്ച് നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങിയ മാധവനോട് അഞ്ജലി ഒരു ഉപായം പറഞ്ഞു. താനും മകനും കൂടി ഗൾഫിലേക്ക് പോരുക. അവിടെ ഒരു ബോട്ടിക് തുടങ്ങുക. അപ്പോൾ അവൾക്കും അവിടെ ജോലി ചെയ്യാം. അതിനുള്ള മുതൽമുടക്കിന് വേണ്ടി ഇവിടെ ഉള്ള വീട് പണയപ്പെടുത്തി ലോണ്‍ എടുക്കുക. അതിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ലോണ്‍ തിരിച്ചടക്കാം. മാധവൻ സമ്മതിച്ചു.

ഭാര്യയെയും മകനെയും കാണാനുള്ള അങ്ങേയറ്റത്തെ ആഗ്രഹത്തോടെ വിമാനത്താവളത്തിൽ അവരെ സ്വീകരിക്കാനെത്തിയ മാധവനെ അദ്ഭുതപ്പെടുത്തി  അവരുടെ കൂടെ ഒരാളും കൂടി ഉണ്ടായിരുന്നു. പ്രിയ സുഹൃത്ത്‌ ഷബീർ. ബോട്ടിക്കിൽ ഒരു സഹായത്തിനായി അഞ്ജലി കൊണ്ടുവന്നതാണ്. ക്രമേണ മാധവന് ഒരു കാര്യം മനസ്സിലായി. ഷബീർ കേവലം ഒരു സഹായി മാത്രം അല്ല. ബോട്ടിക്കിൽ തന്നെ തങ്ങിയിരുന്ന ഷബീറിന്റെ കൂടെ കുറേ നേരം ചിലവഴിച്ചിരുന്നു അഞ്ജലി. ഇതിന്റെ പേരിൽ അഞ്ജലിയും മാധവനും വഴക്കായി. ഒരു വർഷത്തിനുള്ളിൽ തന്നെ കാര്യങ്ങൾ വഷളായി. ഷബീറും മാധവനും തമ്മിൽ തെറ്റി. അഞ്ജലി കുട്ടിയേയും കൊണ്ട് മറ്റൊരു വീട്ടിലേക്ക് താമസം മാറി. കുട്ടിയെ പോലും കാണിക്കാതെയായി.

ആയിടെ അമ്മിണിയമ്മയ്ക്ക് സുഖമില്ലാത്ത വിവരം അറിഞ്ഞ് മാധവൻ നാട്ടിലേക്ക് പോയി. നാട്ടിലെത്തിയിട്ടാണ് മാധവൻ ഞെട്ടിക്കുന്ന ആ വാർത്ത‍ അറിയുന്നത്. വീട് മാത്രമല്ല തന്റെ പേരിലുള്ള ആ പറമ്പ് കൂടി അഞ്ജലി പണയപ്പെടുത്തിയിരുന്നു. മാത്രമല്ല ഇതു വരെ അഞ്ചിന്റെ പൈസ തിരിച്ചടച്ചിട്ടില്ല. തിരിച്ചടക്കാത്തത് മൂലം ബാങ്കിൽ നിന്ന് നോട്ടീസ് വന്നു. ഇത് കണ്ടാണ്‌ അമ്മിണിയമ്മയ്ക്ക് സുഖമില്ലാതായത്. രണ്ടു വർഷം ആ മണലാരണ്യത്തിൽ കഷ്ടപ്പെട്ട കാശെടുത്തടച്ച്‌ തത്കാലം നോട്ടിസിനു മറുപടി കൊടുത്തു. കൂനിന്മേൽ കുരു ആയി ഒരു സാധനം കൂടി കിട്ടി. വിവാഹമോചനത്തിനുള്ള നോട്ടീസ്.

തന്റെ പേരിലുള്ള സ്വത്ത് പോയി. കഷ്ടപ്പെട്ട് സമ്പാദിച്ച കാശും പോയി. സർവോപരി സമാധാവവും പോയി. ഇതിനാണ് പണ്ടുള്ളവർ പറയണത്. ഒന്ന് മാറ്റി പറയാം. "കൂട്ടുകാരന്റെ പറമ്പിലെ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്തു തലയിൽ വച്ചു. അത് കൊത്തിയിട്ട്‌ കൂട്ടുകാരന്റെ പറമ്പിലേക്ക് തന്നെ തിരിച്ചു പോയി. "

2 comments:

  1. കുടുംബം പോറ്റാന്‍ അന്യ നാട്ടില്‍ കഴിയേണ്ടി വരുന്ന കുറെപേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

    ReplyDelete
  2. അബദ്ധം പറ്റിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. കഥ കൊള്ളാം

    ReplyDelete

My Expeditions

Popular Posts